ഇനി എല്ലാവർക്കും വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാംവിവാഹിതരുടെ ഒരു ടെൻഷൻ കൂടി അവസാനിപ്പിക്കുകയാണ്. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും ഇനി രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. നേരിട്ട് ഹാജരാകണമെന്ന നിബന്ധനയിലാണ് ഇളവ് നൽകുന്നത്. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. 2019ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള അനുവാദം നല്കുന്ന പ്രത്യേക ഉത്തരവ് നൽകിയിരുന്നു, ഇത് ഇപ്പോഴും തുടരുന്നുണ്ട്. അതേ സമയം ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും, അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും കൂടി ഈ സൗകര്യം ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ സർക്കാർ ചെയ്യുന്നത്.
നഗരസഭകളിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ ദമ്പതികൾക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ ഇതിനകം തന്നെ സൗകര്യമൊരുങ്ങിയിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ട് വിന്യസിക്കുന്നത് വരെ വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുന്നിൽ ഹാജരാകാനുള്ള ഈ സൗകര്യം തുടരും. കെ സ്മാർട്ട് വിന്യസിക്കുമ്പോൾ വീഡിയോ കെ വൈ സി വഴി എളുപ്പത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.
ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി കെ ശ്രീകുമാർ നൽകിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്. ഇവരെ ഇരുവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന നിരവധി പേർക്ക് തീരുമാനം പ്രയോജനം ലഭിക്കും