റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കുള്ള ചില വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സഊദി അറേബ്യ പ്രഖ്യാപിച്ചു. ഉംറ, ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന സീസണ് പൂര്‍ത്തിയായി ജൂണ്‍ പകുതി വരെ വിലക്ക് തുടരും. പുതിയ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറ വിസ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ആ തീയതിക്ക് ശേഷം ഹജ്ജ് സീസണ് അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല.
എന്തുകൊണ്ടാണ് നിര്‍ത്തിവച്ചത്?
ഉംറ, വിസിറ്റ് വിസകളില്‍ സഊദിയില്‍ സന്ദര്‍ശിച്ച് ശരിയായ അനുമതിയില്ലാതെയും നിയമവിരുദ്ധമായും ഹജ്ജ് നിര്‍വഹിക്കുന്നത് തടയുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഹജ്ജ് രജിസ്ട്രേഷന് പ്രക്രിയ ഒഴിവാക്കാന്‍ നിരവധി വിദേശ പൗരന്മാര് ഉംറ/വിസിറ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഹജ്ജ് സീസണില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതും പതിവാണ്. അത്തരം ദുരുപയോഗം തിരക്കിനും സുരക്ഷാ അപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
2024 ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കടുത്ത ചൂടും തിരക്കും കാരണം ജീവന് നഷ്ടപ്പെട്ടത്. ഹജ്ജ് ഇതര വിസകളില്‍ സഊദി അറേബ്യയില്‍ പ്രവേശിച്ച അനധികൃത സന്ദര്‍ശകരായിരുന്നു ഇവരില്‍ പലരും. വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കാനും കഴിയും.
വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുകയോ ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്ന് സഊദി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷിതമായ ഹജ്ജ് തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും ?
സഊദി അറേബ്യ വിസ സസ്പെന്‍ഡ് ചെയ്ത ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയാണ്.
ഇന്ത്യ
പാകിസ്ഥാന്
ബംഗ്ലാദേശ്
ഈജിപ്ത്
ഇന്തോനേഷ്യ
ഇറാഖ്
നൈജീരിയ
ജോര്‍ദാന്‍
അള്‍ജീരിയ
സുഡാന്
എത്യോപ്യ
ടുണീഷ്യ
യമന്‍