നിത്യജീവിതത്തില്‍ ഒരു കാര്യത്തിലും താല്‍പ്പര്യവും ഉഷാറും ഇല്ലാതെ ചടഞ്ഞിരിക്കുന്ന വരുന്ന അവസ്ഥ മിക്കയാളുകളുടെയും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ഒരു മൂഡില്ലെന്നോ, ആകെയൊരു ഉഷാറില്ലായ്മെന്നോ നമ്മളതിനെ വിളിക്കും. ചിലര്‍ മൂഡ് വരാനും സന്തോഷം തോന്നാനും അനാരോഗ്യകരമായ വഴികള്‍ കണ്ടെത്തും. പക്ഷേ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ മൂഡും മനസ്സിന് സന്തോഷവും തോന്നാന്‍ വഴികള്‍ ഉണ്ടൈങ്കില്‍ അതല്ലേ നല്ലത്.
ഭക്ഷണം കഴിച്ച് മൂഡ് നന്നാക്കാം
നമ്മുടെ സാഹചര്യങ്ങളും പരിതസ്ഥിതികളും നമ്മുടെ മൂഡിനെ സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കാശിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴും പരാജയമുണ്ടാകുമ്പോഴും നിരാശയുണ്ടാകുമ്പോഴും അടക്കം പലപ്പോഴും നമ്മള് മൂഡ് ഓഫാകും. കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ മൂഡിനെ സ്വാധീനിക്കുന്ന പ്രധാനകാര്യമാണ്. പോഷകഹാരവും കൃത്യനിഷ്ഠയുള്ള ആഹാരക്രമവും നമ്മളെ സന്തോഷമുള്ളവരാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുമാത്രമല്ല, അവ നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു.
പോഷകാഹാരവും മാനസികമായ ക്ഷേമവും തമ്മില്‍ ബന്ധമുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തലച്ചോറില്‍ സെറടോണിന്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. സന്തോഷത്തിന്റെ ഹോര്‍മോണ്‍ എന്നാണ് സെറാടോണിന് അറിയപ്പെടുന്നത്. നമ്മുടെ മൂഡിനെ നിയന്ത്രിക്കുന്നതില്‍ ഈ ഹോര്‍മോണ്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
നമ്മുടെ മൂഡിനെ മെച്ചപ്പെടുത്തി സന്തോഷം പ്രദാനം ചെയ്യുന്ന എട്ട് ഭക്ഷണങ്ങള്‍ പരിചയപ്പെടാം
ഡാര്‍ക്ക് ചോക്കലേറ്റ്

സങ്കടം വരുമ്പോള്‍ ചോക്കലേറ്റും ഐസ്ക്രീമും കഴിക്കാന്‍ തോന്നുമെന്ന് ചിലര്‍ പറഞ്ഞുകേട്ടിട്ടില്ലേ. അതില്‍ കുറച്ച് കാര്യമുണ്ട്. ഡാര്‍ക് ചോക്കലേറ്റിന് ഒരാളുടെ മൂഡ് മെച്ചപ്പെടുത്താന്‍ കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍, തിയോബ്രോമൈന്‍, ഫീനൈല്എതിലാലൈന് എന്നീ സംയുക്തങ്ങളാണ് സന്തോഷത്തിന് കാരണമാകുന്നത്. സെറോടോണിന്‍ ഉല്‍പ്പാദനത്തിന് തലച്ചോറ് ഉപയോഗിക്കുന്ന അമിനോആസിഡ് ആണ് ട്രിപ്റ്റോഫാന്‍. തിയോബ്രോമൈന്‍ വീര്യം കുറഞ്ഞ ഉത്തേജകമാണ്. ആന്റിഡിപ്രസന്റായ ഡോപമൈന്‍ ഉണ്ടാക്കാന്‍ ശരീരം ഉപയോഗിക്കുന്ന മറ്റൊരു അമിനോആസിഡ് ആണ് ഫീനൈല്എതിലാലൈന്.
പഴം

നല്ല മൂഡ് നല്കുന്ന മറ്റൊരു പോഷകാഹാരമാണ് പഴം. പഴത്തിലും സെറാടോണിന് ഉണ്ട്. പക്ഷേ അതിന് രക്തത്തിലേക്കും അതുവഴി തലച്ചോറിലേക്കും എത്താന്‍ പറ്റില്ല. പക്ഷേ സെറാടോണിന് ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി6 പഴത്തില്‍ ധാരാളമുണ്ട്. ഒരു പഴത്തില്‍ 0.4 മില്ലിഗ്രാമോളം വൈറ്റമിന്‍ ബി6 ഉണ്ടെന്നാണ് പറയപ്പെടുന്നത്. നമുക്ക് ഒരു ദിവസം വേണ്ട വൈറ്റമിന്‍ ബി6-ന്റെ 25 ശതമാനം വരുമത്.
തേങ്ങ

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ തേങ്ങയും സന്തോഷം നല്കുന്നതില് പ്രധാനപങ്ക് വഹിക്കുന്നു. തേങ്ങയില്‍ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജമേകും. ഇവ ഉത്കണ്ഠ കുറയ്ക്കുമെന്ന് 2017-ലെ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
കാപ്പി

ലോകമെമ്പാടും ആരാധകരുള്ള പാനീയമാണ് കാപ്പി. സന്തോഷം നല്കാന് കാപ്പിക്ക് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കാപ്പി കുടിക്കുന്നവരില്‍ വിഷാദരോഗം കുറവാണെന്ന കണ്ടെത്തല്‍ 2016-ലെ രു പഠനം നടത്തിയിരുന്നു.
അവക്കാഡോ

അവക്കാഡോയുടെ ആരോഗ്യഗുണങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. മനസ്സിന് സന്തോഷം നല്‍കാനും അവക്കാഡോകള്‍ നല്ലതാണെന്നാണ് പറയപ്പെടുന്നത്. അവക്കാഡോയിലെ നിരവധി പോഷകാംശങ്ങളില്‍ ഒന്നായ കോളിന് നാഡിവ്യവസ്ഥയെ നിയന്ത്രിക്കാനും മൂഡ് മെച്ചപ്പെടുത്താനും ശരീരം ഉപയോപ്പെടുത്തുന്ന ഒരു ഘടകമാണ്. അവക്കാഡോയിലെ നല്ല കൊഴുപ്പ് സ്ത്രീകളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതായി 2020-ല്‍ നടന്ന ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അവക്കാഡോയില്‍ ധാരാളമുള്ള വൈറ്റമിന്‍ ബി മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ബെറി പഴങ്ങള്‍

പഴങ്ങള്‍ പൊതുവെ മാനസികാരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. ബെറി പഴങ്ങളില്‍ ധാരാളമായുള്ള ഫ്ളവനോയിഡുകള്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ വിഷാദരോഗ ലക്ഷണങ്ങള്‍ മയപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായമാകല്‍ കൊണ്ടുള്ള ഓര്‍മ്മക്ഷയവും ബുദ്ധിക്ഷയവും കുറയ്ക്കാന്‍ ബ്ലൂബെറി നല്ലതാണെന്ന് മറ്റൊരു പഠനവും പറയുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങള്‍

തൈര്, കൊംബുച്ച, കിംചി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് മെച്ചപ്പെടുത്തുകയും അതുവഴി മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യും. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ഇവയില്‍ പ്രോബയോട്ടിക്കുകള്‍ ഉണ്ടാകുന്നു. ഇവ കുടലിലെ നല്ല ബാക്ടീയകള്ക്ക് നല്ലതാണ്. നമ്മുടെ ശരീരത്തിലെ 90 ശതമാനം സെറോടോണിനും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കുടലിലാണെന്ന് അറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാകുക.
കൂണ്

കൂണില്‍ വൈറ്റമിന്‍ ഡി ധാരാളമുണ്ട്. വൈറ്റമിന്‍ ഡി ആന്റിഡിപ്രസന്റ് ഗുണങ്ങള്‍ ഉണ്ട്. അത് നമ്മുടെ മൂഡ് മെച്ചപ്പെടുത്തും. സസ്യാഹാരികള്‍ക്കും വീഗന്‍ ആയവര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഏക വൈറ്റമിന്‍ ഡി സ്രോതസ്സാണ് കൂണ്. വളരെ എളുപ്പത്തില്‍ കൂണിലെ വൈറ്റമിന്‍ ഡി ശരീരം ആഗിരണം ചെയ്യും. പാകം ചെയ്യുന്നതിന് മുമ്പായി കുറച്ചുസമയം കൂണ് വെയിലത്ത് വെച്ചാല്‍ അവയുടെ വൈറ്റമിന്‍ ഡി മൂല്യം കൂടുമെന്നാണ് പറയപ്പെടുന്നത്.