മോഡൽ : നൈധുര. ,ആശാരികണ്ടി അഖിലേഷ് & അശ്വതി ദമ്പതികളുടെ മകൾ
ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടി എത്തും… മലയാളികളുടെ ദേശീയോൽസവമാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണം.
ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതുന്നു. .
കേരളം ഭരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ് ഓണം സംബന്ധിച്ച ഐതിഹ്യം. അതുകൊണ്ടുതന്നെ മാവേലി തമ്പുരാനും ഉത്രാടപ്പാച്ചിലും തിരുവോണസദ്യയുമൊക്കെ ഏതു മലയാളിയുടേയും സ്വന്തമാണ്. സംഘകാല തമിഴ് സാഹിത്യമായ മധുരൈ കാഞ്ചിയിലാണ് ഓണത്തെ സംബന്ധിച്ച ആദ്യ പരാമര്‍ശം ഉള്ളതെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. ഒരു വിളവെടുപ്പ് ഉത്സവമെന്നാണ് അതില്‍ ഓണത്തെ വിശേഷിപ്പിക്കുന്നത്.
കര്‍ക്കടകത്തിലെ പഞ്ഞം കളഞ്ഞ് ചിങ്ങത്തിലെത്തുമ്പോള്‍ കൊയ്ത്തായി. കൊയ്ത്തിനു ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഏറെ പ്രസക്തിയുണ്ട്. പണിയെടുക്കുന്നവര്‍ ഭൂരിപക്ഷമായിരുന്ന കാലത്തു നിന്നാണ് ഓണസദ്യയുടെ പ്രാധാന്യം തുടങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഈ സദ്യയില്‍ സ്ഥാനം പിടിക്കും. കാരണം, വയറു നിറച്ച് ഉണ്ണാനും രണ്ടാമതു ചോറുകിട്ടാനും ഓണം വരണം.