കീഴരിയൂർ: കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്ത കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യുഡിഎഫ് മെമ്പർമാർ വാക്ക് ഔട്ട് നടത്തി.ഇന്ന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രതിഷേധവും, ഇറങ്ങി പോക്കും അരങ്ങേറിയത്.
ആറു വർഷമായി അടച്ചിട്ട സ്ഥാപനം, പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടും കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്ന യു ഡി എഫ് പഞ്ചായത്ത് അംഗം ഇ എം മനോജ് അജണ്ടയിൽ ഉന്നയിച്ച ചോദ്യത്തിന്, വ്യക്തമായ ഉത്തരം ലഭിക്കാത്തതിനെ തുടർന്നാണു പഞ്ചായത്ത് ഭരണസമിതിയിൽ ബഹളവും ഇറങ്ങിപ്പോകും നടന്നത്.
അകാരണമായി അടച്ചിട്ട സ്ഥാപനം ചോർന്നൊലിക്കുകയാണെന്നും, വവ്വാലിന്റെയും, കള്ളൂണികളുടെയും വിഹാരകേന്ദ്രമായി കമ്മ്യൂണിറ്റി ഹാൾ മാറിയെന്നും, പദ്ധതിയിൽ ഇടം പിടിക്കാത്ത മുകൾ നിലയിലെ ടോയ്ലെറ്റിന്റെ നിർമ്മാണ പൂർത്തീകരണം ജനകീയ ധന സമാഹരണത്തിലൂടെ നടത്താമെന്ന് യുഡിഎഫ് മെമ്പർമാർ പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് ചെവി കൊള്ളാൻ തയ്യാറായില്ല.
വാകൗട്ടിനു ശേഷം കീഴരിയൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലും, പൊതുയോഗത്തിലും പഞ്ചായത്ത് മെമ്പർമാരായ കെ സി രാജൻ, ഗോപാലൻ കുറ്റ്യോയത്തിൽ, ജലജ ടീച്ചർ കുറുമയിൽ, സവിത നിരത്തിന്റെ മീത്തൽ, മനോജ് ഇഎം യു ഡി എഫ് നേതാക്കളായ ഇടത്തിൽ ശിവൻ മാസ്റ്റർ, ടി എ സലാം, ചുകൊത്ത് ബാലൻ നായർ, സത്താർ, ഒ കെ കുമാരൻ, ജി പി പ്രീജിത്ത്, ഇ രാമചന്ദ്രൻ, കെ എം വേലായുധൻ, ഗോവിന്ദൻ പി കെ, എന്നിവർ നേതൃത്വം നൽകി.