കുവൈത്ത് സിറ്റി: സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ജിസിസി. എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് റെയില്‍പാത ഒരുക്കണം എന്ന് ഏറെ കാലം മുമ്പുള്ള നിര്‍ദേശമാണ്. പല രാജ്യങ്ങളും ഇതിന് തയ്യാറായെങ്കിലും ഇടക്കാലത്ത് വന്ന ഭിന്നതകളും സാമ്പത്തിക വെല്ലുവിളികളുമെല്ലാം തടസമായി. എന്നാല്‍ എല്ലാ തടസങ്ങളും മാറ്റിവച്ച് കുവൈത്ത് പദ്ധതിക്ക് ഒരുങ്ങുകയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക കരാര്‍ തുര്‍ക്കി കമ്പനിയുമായി കുവൈത്ത് ഭരണകൂടം ഒപ്പുവച്ചു. ഒരു വര്‍ഷത്തിനകം ദൗത്യം പൂര്‍ത്തിയാക്കാനാണ് തുര്‍ക്കി കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആറ് രാജ്യങ്ങളിലും റെയില്‍വെ വഴി യാത്ര ചെയ്യാന്‍ സാധിച്ചാല്‍ ജിസിസിയില്‍ വന്മാറ്റങ്ങളാണുണ്ടാകുക. അറിയാം പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍..

ഏറെ കാലം മുമ്പ് ചര്‍ച്ചയിലുള്ളതാണ് ഗള്‍ഫ് റെയില്‍ പദ്ധതി. 2009ലാണ് ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ ധാരണയിലെത്തിയത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ ജോലികള്‍ ആരംഭിച്ചു. എന്നാല്‍ സമ്പൂര്‍ണമായി നടപ്പാക്കാനോ മറ്റു രാജ്യങ്ങളെ ബന്ധിപ്പിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെയാണ് കുവൈത്ത് ഒപ്പുവച്ചിരിക്കുന്ന പുതിയ കരാര്‍ ശ്രദ്ധേയമാകുന്നത്.
കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അല്‍ മഷ്ആനും തുര്‍ക്കി കമ്പനിയായ പ്രോയപിയുടെ പ്രതിനിധിയുമാണ് കരാറില്‍ ഒപ്പുവച്ചത്. കുവൈത്തില്‍ നിര്‍മിക്കുന്ന റെയില്‍പാതയുടെ രൂപ കല്‍പ്പന സംബന്ധിച്ചാണ് കരാര്‍. മണ്ണ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി കമ്പനി 12 മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൊട്ടുപിന്നാലെ പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിലേക്ക് കടക്കും.
ഗള്‍ഫ് റെയില്‍വെ 2177 കിലോമീറ്ററിലാണ് സ്ഥാപിക്കുക. കുവൈത്തില്‍ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്കത്ത് വരെയാകും റെയില്‍പാത. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെയും പാത ബന്ധിപ്പിക്കും. കുവൈത്തില്‍ 111 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കേണ്ടത്. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ കുവൈത്തിന് ഇത് വെല്ലുവിളിയാകില്ല എന്ന് പ്രതീക്ഷിക്കാം.

സൗദി അറേബ്യയോട് ചേര്‍ന്ന കുവൈത്തിന്റെ തെക്കന്‍ പ്രദേശമായ നുവൈസീബില്‍ നിന്ന് വടക്കന്‍ മേഖലയിലെ അല്‍ ഷദാദിയ്യ വരെയാണ് റെയില്‍പാത നിര്‍മിക്കുക. കുവൈത്തില്‍ പദ്ധതി തുടങ്ങി എന്നതിന്റെ സൂചനയാണ് തുര്‍ക്കി കമ്പനിയുമായി ഒപ്പുവച്ച കരാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് വക്താവ് അഹമ്മദ് അല്‍ സാലിഹ് പറഞ്ഞു.
തുര്‍ക്കിയിലെ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ കഴിഞ്ഞ ജനുവരിയില്‍ നല്‍കിയിരുന്നു. 25 ലക്ഷം കുവൈത്തി ദിനാറിനാണ് കരാര്‍. അതായത്, ഏകദേശം 81 ലക്ഷം ഡോളര്‍ ചെലവ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. 2030ല്‍ കുവൈത്ത് റെയില്‍വെ പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സമ്പൂര്‍ണ ചെലവ് എത്രയാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് സാലിഹ് പ്രതികരിച്ചു.