--- പരസ്യം ---

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

By neena

Published on:

Follow Us
--- പരസ്യം ---

സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ഇത്തരം സംഭവങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലും ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുമ്പില്‍ വന്ന ഒരു കേസില്‍ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരില്‍ വൃദ്ധയായ അമ്മയെ ആക്രമിച്ചത്. അവര്‍ക്ക് വീട്ടില്‍ സൌര്യമായി കഴിയാന്‍ വയ്യാത്ത സാഹചര്യണ്. ഇത്തരം സ്ത്രീകള്‍ക്ക് കര്‍ശനമായ നിയമ സുരക്ഷ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങളാണ് ഗാര്‍ഹിക പരാതികളില്‍ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വര്‍ണവും മറ്റും കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്. കുടുംബബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. തൊഴിലിടങ്ങളിലെ പീഡനമാണ് മറ്റൊരു വിഭാഗം പരാതി. വര്‍ഷങ്ങളോളം ജോലി ചെയ്ത അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അദ്ധ്യാപികമാരെ പിരിച്ചുവിടുന്ന അവസ്ഥയുണ്ട്. ഗാര്‍ഹിക പീഡന കേസുകളില്‍ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലയിലെ വനിത സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അറിയിച്ചു.

കോഴിക്കോട് ജില്ലാതല അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. ഒന്നില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 76 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസി, ജെമിനി, ശരണ്‍ പ്രേം, കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, അവിന സി, കോഴിക്കോട് വനിത സെല്‍ എ.എസ്.ഐ ഗിരിജ എന്‍ നാറാണത്ത് എന്നിവരും പങ്കെടുത്തു

--- പരസ്യം ---

Leave a Comment