താമരശ്ശേരി : താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണി നടത്തുന്നതുവരെ റോഡിന്റെ ഒരുഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചുള്ള നിയന്ത്രണം തുടരും. വിള്ളൽ കൂടുതലാവുകയാണെങ്കിൽമാത്രം മഴ കുറയുന്ന മുറയ്ക്ക് തകർച്ചുണ്ടായഭാഗം നീളത്തിൽ മുറിച്ച് റോഡുപ്രവൃത്തി നടത്തി റീടാർ ചെയ്യണം. റോഡിന്റെ സംരക്ഷണഭിത്തിക്കു സമീപത്തെ തോടിനരികിൽ പരസ്യബോർഡിനായി സ്ഥാപിച്ച വലിയലോഹഫ്രെയിം അഴിച്ചുമാറ്റാൻ നിർദേശം നൽകി.
ചുരംപാതയ്ക്കരികിൽ നേരത്തേ പൊളിച്ചുമാറ്റപ്പെട്ട പഴയ കെട്ടിടത്തിനകത്ത് തറഭാഗത്തും മണ്ണിടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. ദേശീയപാതയ്ക്ക് ഇടതുവശത്തെ ഇടിഞ്ഞുതാഴ്ന്ന കോൺക്രീറ്റ് ഇടറോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്താൻ നിർദേശം നൽകുമെന്ന് അധികൃതർ അറിയിച്ചു.
പി.ഡബ്ല്യു.ഡി.(എൻ.എച്ച്. വിഭാഗം) എക്സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ്, അസി.എക്സിക്യുട്ടീവ് എൻജിനിയർ ജൽജിത്ത്, കൊടുവള്ളി സെക്ഷൻ അസി. എൻജിനിയർ സലീം എന്നിവരടങ്ങിയ സംഘമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ചുരംസംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ. സുകുമാരൻ എന്നിവരും പങ്കെടുത്തു