കൊച്ചി: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. മേഘതീർഥം എന്ന സിനിമയും നിർമിച്ചിട്ടുണ്ട്. സിനിമ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).
പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോൾ സ്വദേശമായ കവിയൂരിൽ നിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ചു.
എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോൾ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തിൽ പാടാനായി ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യം പാടിയത്. ‘മൂലധന’ത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.
പിന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പൊന്നമ്മ പ്രതിഭാ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസിൽ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയിൽ അഭിനയിച്ചത്.