നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് (തിങ്കള്‍) ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്ന് പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടുള്ള രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സക്കെത്തിയവരുമാണ്. തിരുവനന്തപുരത്ത് ഐസൊലേഷനില്‍ കഴിയുന്നവരുടെ സാംപിളുകളാണ് തോന്നയ്ക്കലില്‍ പരിശോധിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും രണ്ടു പേര്‍ സക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമാണുള്ളത്. നിലവില്‍ ആകെ 350 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടും. സമ്പര്‍ക്കപ്പട്ടികയിലുള്ള 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിതനായ ശേഷം കുട്ടി സഞ്ചരിച്ച സ്വകാര്യബസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബസിലെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിവരികയാണ്.
നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റ് പരിശോധനകള്‍ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ഐ.സി.എം.ആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചയോടെ അവര്‍ ജില്ലയിലെത്തും.
വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആറിന്റെ സഹകരണത്തോടെ തുടരുന്നതായും മന്ത്രി അറിയിച്ചു.