ന്യൂഡല്‍ഹി: പൈലറ്റ് നിയമനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ആര്‍ട്സ്, കൊമേഴ്സ് മേഖലകളില്‍ നിന്നുള്ള 12-ാം ക്ലാസ് പാസായവര്‍ക്കും ഇന്ത്യയില്‍ കൊമേഴ്സ്യല്‍ പൈലറ്റാകാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും എന്നാണ് വിവരം. ഇത്തരമൊരു മാറ്റത്തിന് ഡി ജി സി എ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) പരിശീലനത്തിന് 12-ാം ക്ലാസില്‍ ഭൗതികശാസ്ത്രവും ഗണിതവും പഠിച്ച വിദ്യാര്‍ത്ഥിയായിരിക്കണം എന്നതാണ് മാനദണ്ഡം. എന്നാല്‍ ഈ മാനദണ്ഡം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഡി ജി സി എ പരിഗണിക്കുന്നു എന്നാണ് വിവരം. അതേസമയം നിലവിലുള്ള മെഡിക്കല്‍ ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ എല്ലാവര്ക്കും നിലനില്ക്കും.
ഇന്ത്യയില്‍ 1990-കളുടെ മധ്യം മുതല്‍ സയന്‍സ്, ഗണിത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഏവിയേഷന്‍ മേഖലയിലെ പൈലറ്റ് ജജോലി തുറന്ന് കൊടുത്തിട്ടുള്ളൂ. അതിനുമുമ്പ്, പത്താം ക്ലാസ് പാസായിരുന്നു (മെട്രിക്) സിപിഎല്‍ ലഭിക്കുന്നതിനുള്ള ഏക വിദ്യാഭ്യാസ യോഗ്യത. അന്തിമമായി അംഗീകരിച്ചുകഴിഞ്ഞാല്‍ ഈ ശുപാര്‍ശ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. അനുമതി ലഭിച്ചാല്‍ പ്ലസ് ടു യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎല്‍ പരിശീലനം ലഭിക്കും,’ വിഷയത്തെ കുറിച്ച് പരിചയമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
സിപിഎല്‍ പരിശീലനത്തിനുള്ള യോഗ്യതാ മാനദണ്ഡമായി ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തിനും 12-ാം ക്ലാസിലെ ഭൗതികശാസ്ത്രവും ഗണിതവും ആവശ്യമില്ല എന്നാണ് ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വിരമിച്ച, മുമ്പ് അലയന്‍സ് എയറിന്റെ തലവനായിരുന്ന വെറ്ററന്‍ പൈലറ്റ് ക്യാപ്റ്റന്‍ ശക്തി ലുംബ പറയുന്നത്. ‘ഇത് ഒരു പഴയ മാനദണ്ഡമാണ്.
അത് ഒഴിവാക്കേണ്ടതുണ്ട്. 12-ാം ക്ലാസില്‍ പഠിപ്പിക്കുന്ന ഭൗതികശാസ്ത്രവും ഗണിതവും പൈലറ്റുമാര്‍ക്ക് ആവശ്യമില്ല. ജൂനിയര്‍ ക്ലാസുകളില്‍ പഠിച്ചതില്‍ നിന്ന് ഈ വിഷയങ്ങളെക്കുറിച്ച് അവര്‍ക്ക് ഇതിനകം തന്നെ ആവശ്യമായ ധാരണയുണ്ട്,’ അദ്ദേഹം പറഞ്ഞു. കൊമേഴ്സ്യല്‍ പൈലറ്റാകാന്‍ ആഗ്രഹിക്കുന്ന ആര്‍ട്സ്, കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നിയമം ഇത്രയും കാലം ഒരു തടസമായിരുന്നു.
‘അത്തരം വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്കൂളില്‍ നിന്ന് ഫിസിക്സിനും ഗണിതത്തിനും 12-ാം ക്ലാസ് പരീക്ഷ എഴുതണം, കോഴ്സില്‍ ചേരാന്‍ യോഗ്യത നേടണം. പലരും അങ്ങനെ ചെയ്തിട്ടുണ്ട്,’ 31 വര്‍ഷമായി പൈലറ്റായിരുന്ന ക്യാപ്റ്റന്‍ ലുംബ പറയുന്നു. നിരവധി ഫ്ലൈയിംഗ് സ്കൂള്‍ ഓപ്പറേറ്റര്‍മാരും നിലവിലെ നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ ഒരു ധനികനും സ്വന്തമായി വിമാനം പറത്താന്‍ ആഗ്രഹിക്കുന്നവനുമാണെങ്കില്, ഇന്ത്യയില്‍ ഒരു പേഴ്സണല്‍ പൈലറ്റ് ലൈസന്‍സ് (പിപിഎല്‍) ലഭിക്കും.
എന്നാല്‍ അതിന് 12-ാം ക്ലാസില്‍ ഫിസിക്സും ഗണിതവും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയില്ല. എന്നാല്‍ സിപിഎല്ലിന് അത് ആവശ്യമാണ്. ഇത് അര്‍ത്ഥശൂന്യമാണ്,’ ഒരു ഫ്ലൈയിംഗ് സ്കൂളിന്റെ ഉടമ പറഞ്ഞു. അതേസമയം ഇന്ത്യയിലെ പൈലറ്റ് പരിശീലനം കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ വ്യോമയാന മന്ത്രാലയം പരിശോധിച്ചുവരികയാണ്.
സിപിഎല്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം, സുരക്ഷ തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഫ്ലൈയിംഗ് സ്കൂളുകളെ റാങ്ക് ചെയ്യുന്നതിനും ഡിജിസിഎ നീക്കം നടത്തുന്നുണ്ട്.