മലയാളികളില്‍ കരള്‍രോഗം കൂടിവരുന്നതായി റിപോര്‍ട്ടുകള്‍ കാണിക്കുന്നു. മദ്യപാനത്തെക്കാള്‍ അപകടകാരിയായ മറ്റൊരു ഫുഡാണ് കുട്ടികള്‍ക്കുള്‍പ്പെടെ നമ്മള് കൊടുത്തുകൊണ്ടിരിക്കുന്ന ജങ്ക് ഫുഡ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസപ്രവര്‍ത്തന ശാലയായിട്ടാണ് നമ്മള് കരളിനെ കാണുന്നത്. കരള്‍ ഒരു അദ്ഭുത അവയവം തന്നെയാണ്.
നമ്മുടെ ശരീരത്തിന്റെ വലതുവശത്ത് വയറിന് മുകളിലായി വാരിയെല്ലിന്റെ ഇടയിലായിട്ടാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. ഒരാളുടെ തൂക്കത്തിന്റെ രണ്ട് ശതമാനമാണ് കരളിന്റെ തൂക്കം ഉണ്ടാവുക. ശരീരത്തിന്റെ ദഹനപ്രക്രിയക്ക് ആവശ്യമായ പിത്തരസം നിര്‍മിക്കുന്നതും കരളാണ്. മാലിന്യങ്ങളെ സംസ്കരിക്കുന്നതും കളയുന്നതുമെല്ലാം കരളാണ്.
ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രധാന പങ്കുവഹിക്കുന്നതും കരളാണ്. ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടാണിരിക്കുന്നതെങ്കില് കരള്‍ നിശ്ചലമായി പ്രവര്‍ത്തിക്കുന്ന അവയവം ആണ്.
ഈ അസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ ഏകദേശം ഒരു മിനിറ്റില്‍ ഒന്നേകാല്‍ ലിറ്റര്‍ രക്തമാണ് കരളിലൂടെ പ്രവഹിക്കുന്നത്. കരളിന് മറ്റു അവയവങ്ങള്ക്കില്ലാത്ത സഹനശേഷിയുമുണ്ട്. മാത്രമല്ല, 80 ശതമാനത്തോളം നശിച്ചു പോയാലും അത് രോഗലക്ഷണമൊന്നും കാണിക്കാതെ അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുകയും ചെയ്യും.
അതുപോലെ കരള്‍ കേടുവന്ന് മുറിച്ചു മാറ്റുകയാണെങ്കില്‍ പോലും കരള്‍ വീണ്ടും വളര്‍ന്നു വരും. അതുകൊണ്ടാണ് കരള്‍ ദാനം ചെയ്യുമ്പോള്‍ പേടിക്കണ്ട എന്നു പറയുന്നത്. ഇത് തിരിച്ചു വളര്‍ന്നുവരും. ഇത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. ഏകദേശം 500 വൈറ്റല്‍ ഫങ്ഷനാണ് കരള്‍ ചെയ്യുന്നത്.
ശരീരത്തില്‍ നീരുവരാതെ സൂക്ഷിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും അമിനോ ആസിഡിനെ കണ്ട്രോള് ചെയ്യുകയും രക്തം കട്ടപിടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുമെല്ലാം കരളാണ്. ഷുഗര്‍ കണ്ട്രോള് ചെയ്യുകയും വൈറ്റമിനുകളായ എ, ഡി, ഇ, കെ, അയണ്‍, കോപ്പര്‍ തുടങ്ങിയവ സ്റ്റോര്‍ ചെയ്തു വയ്ക്കുകയും ചെയ്യുന്നു.
ഫാറ്റി ലിവര്‍ എങ്ങനെ ഇല്ലാതാക്കാം
എന്താണ് ഫാറ്റിലിവര്‍, എന്താണ് സിറോസിസ്?
നമ്മള് കഴിക്കുന്ന ഭക്ഷണത്തിലെ അധിക കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടുന്നതാണ് ഫാറ്റിലിവറിനു കാരണം. കരളിലെ കോശങ്ങള്‍ക്ക്് നാശം സംഭവിക്കുമ്പോഴാണ് സിറോസിസ് ഉണ്ടാവുന്നത്. അതായത് കരള്‍ ചുരുങ്ങിപ്പോവുന്ന അവസ്ഥ.
കരളിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നം നമ്മള് കഴിക്കുന്ന ജങ്ക്ഫുഡാണ്. മദ്യപാനത്തേക്കാള്‍ അപകടമാണിത്. ജങ്ക് ഫുഡുകളാണ് ഇന്നത്തെ രോഗ വില്ലന്‍. അമിതമായ മധുരമുള്ള പാനീയങ്ങളും പൊരിച്ചതും വറുത്തതുമായ മാംസങ്ങളും കേക്ക് പീത്സ പേസ്ട്രീ എന്നിവയുടെ അമിത ഉപയോഗവും കരളില്‍ കൊഴുപ്പുകെട്ടാന് കാരണമാവുന്നു. ഇവ സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ ഫാറ്റിലിവര്‍ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്.
അമിതമായ പഞ്ചസാര പാനീയങ്ങള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് കൊടുക്കരുത്. കാരണം ഈ ഗ്ലൂക്കോസെല്ലൊം കണ്ട്രോള് ചെയ്യേണ്ടത് കരളാണ്. ഇതിനു കഴിയാതെ വരുമ്പോള്‍ അതു മറ്റുപല ഭാഗങ്ങളില്‍ കൊണ്ടു പോയി ഡെപോസിറ്റ് ചെയ്യും.
ചായയിലും പാലിലുമൊക്കെ ആവശ്യമില്ലാതെ കൂടുതല്‍ പഞ്ചസാരയിട്ട് കുട്ടികളെ കുടിപ്പിക്കുന്ന ശീലം ഒഴിവാക്കി ചെറുപ്പത്തിലേ മധുരമില്ലാതെ ശീലിപ്പിക്കുക. എനര്‍ജി ഡ്രിങ്ക് കുടിക്കുന്നവര്‍ കൂടുതലാണ് ഇന്നത്തെ കാലത്ത്. ഇതിലെല്ലാം പഞ്ചസാര അമിതമാണ്. അതുകൊണ്ട് ഇവ കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
ഇവ ശരീരത്തിനു ആവശ്യമുണ്ടോ എന്ന്? രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത.് ഇവയെല്ലാം അടിയുന്നത് കരളിലാണ്. നമ്മള് മനസിലാക്കേണ്ട ഒരു കാര്യം -ലിവര്‍ എളുപ്പമൊന്നും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ്. അത് റിജെക്ട് ആവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അതുകൊണ്ട് കരളിനെ നന്നായി ശ്രദ്ധിക്കുക.
കരളിനെ സംരക്ഷിക്കാന്‍ ദിവസവും ഈ കാര്യങ്ങള്‍ ചെയ്യുക
വ്യായാമം- 30 മിനിറ്റെങ്കിലും പതിവാക്കുക.
വെള്ളം -രണ്ടോ മൂന്നോ ലിറ്റര്‍ കുടിക്കുക
ഇലക്കറികള്‍ -ധാരാളം കഴിക്കുക. ആവശ്യമില്ലാതെ വേദനസംഹാരികള്‍ കഴിക്കാതിരിക്കുക.
അമിതമായ തടി കണ്ട്രോള് ചെയ്യുക ഇവ കൃത്യമായി ചെയ്താല്‍ കരളിനെ നമുക്ക് നന്നായി കൊണ്ടുപോവാന്‍ കഴിയുന്നതാണ്.