മോഹനൻ നടുവത്തൂരിൻ്റെ ഗവേഷണത്തെക്കുറിച്ച് അദ്ദേഹത്തിൻെ ഗവേഷണ മാർഗ്ഗദർശി മഹേഷ് മംഗലാട്ട് എഴുതുന്നു.
ഇന്ന് മോഹനന്റെ ഓപ്പൺ ഡിഫൻസായിരുന്നു. ആധുനികതയുടെ രാഷ്ട്രീയം മലയാളനാടകത്തിൽ എന്ന വിഷയം പി. എം. താജിന്റെ നാടകങ്ങളെ അടിസ്ഥാനമാക്കി പഠിക്കുന്ന പ്രബന്ധമാണ് മോഹനൻ തയ്യാറാക്കിയത്. ഗവേഷണമാർഗ്ഗദർശി എന്ന നിലയിൽ എന്റെ കൂടെ സമർപ്പിക്കപ്പെടുന്ന അവസാനത്തെ പ്രബന്ധം. മൂന്ന് പരിശോധകരും മികച്ച പ്രബന്ധമാണെന്ന് സാക്ഷ്യപ്പെടുത്തിയെന്നതിൽ സന്തോഷവും അഭിമാനവും.
ഹൈസ്കൂൾ അദ്ധ്യാപകനായ മോഹനൻ കവിയും പ്രഭാഷകനും സാംസ്കാരികപ്രവർത്തകനുമാണ്. ഗവേഷണത്തിനായി എന്നെ സമീപിക്കുമ്പോൾ ബിരുദം ലഭിച്ചാൽ ഇൻക്രിമന്റോ പ്രമോഷനോ ഒന്നും ലഭിക്കാനില്ലല്ലോ എന്നാണ് ഞാൻ ആലോചിച്ചത്. പ്രബന്ധം സമർപ്പിക്കുമ്പോൾ മോഹനൻ ജോലിയിൽനിന്ന് വിരമിച്ചിരുന്നു. അറിയാനും പഠിക്കാനുമുള്ള അതീവനിഷ്കളങ്കമായ താല്പര്യമാണ് മോഹനനെ നയിച്ചിരുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ, താൻ ഏറ്റെടുത്തത് ഒരു സാഹസികസംരംഭമാണെന്ന് അയാൾ ഭയപ്പെടുന്നുണ്ട്. അങ്ങനെയുള്ള ഒരു ഗവേഷകനോടൊപ്പം പ്രവർത്തിക്കുക സന്തോഷകരമായ അനുഭവമാണ്.
ഇന്ന് ഓപ്പൺ ഡിഫൻസിനുശേഷം ചെയർമാനായി വന്ന ഡോ.എസ്. ഷാജി പ്രശംസകൾകൊണ്ട് മോഹനനെ പൊതിയുകയായിരുന്നു.
മോഹനൻ നടുവത്തൂർ എന്ന കവി ഇനി മേലിൽ ഡോ. മോഹനൻ നടുവത്തൂരായി അറിയപ്പെടും.