ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റിലേക്ക് ജോലിയെന്ന സ്വപ്നവുമായി എത്തിയ എഴുപതുകാരനായ റഷീദ് പലരിലും വലിയ കൗതുകമായിരുന്നു ഉണർത്തിയത്. കൃത്യമായ പ്രായപരിധി വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ് ആയതിനാല്‍ തന്നെ ഇദ്ദേഹത്തെ പരിഗണിക്കുമോയെന്നായിരുന്നു പലരും ഉന്നയിച്ച് ചോദ്യം. പ്രായം ഇത്രയൊക്കെ ആയില്ലേ ഇനി വീട്ടില്‍ ഇരുന്നൂടെ എന്ന് ചോദിച്ചവരും നിരവധിയാണ്.
ജോലി കിട്ടുമെന്ന പ്രതീക്ഷയോടെ തന്നെയാണ് അഭിമുഖത്തിനായി വന്നതെന്നായിരുന്നു റഷീദ് അന്ന് പ്രകടിപ്പിച്ച ആത്മവിശ്വാസം. ആ ആത്മവിശ്വാസം എന്തായാലും വെറുതെ ആയിട്ടില്ല. അന്നത്തെ റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് ശേഷം പിന്നീട് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് റഷീദ്.
റിക്രൂട്ട്മെന്റിന് പങ്കെടുത്തതായുള്ള വാർത്തകള്‍ വന്നതിന് പിന്നാലെ ലുലുവിന്റെ കൊച്ചിയില്‍ റീജിയണല്‍ മാനേജർ അനൂപ് വിളിച്ചിരുന്നു. അദ്ദേഹമാണ് കാര്യങ്ങളൊക്കെ അന്വേഷിക്കുന്നത്. അതിന്റെ പിറ്റേ ദിവസമാണ് തിരുവനന്തപുരം മാളിലെ എച്ച് ആർ ഹരി സർ വിളിക്കുന്നത്. അദ്ദേഹം അവിടേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തിരുവനന്തപുരം മാളിലേക്ക് എത്തിയപ്പോള്‍ അവിടെ അനുപ്, ഹരി, പിആർഒ സുനില്‍, സൂരജ്, ഷഹീർ തുടങ്ങിയ ഉദ്യോഗസ്ഥരൊക്കെ ഉണ്ടായിരുന്നു. മികച്ച സ്വീകരണമാണ് ലഭിച്ചത്. അതായത് ഞാന്‍ ഇരുന്ന ശേഷമാണ് അവർ അവരുടെ കസേരകളില്‍ ഇരുന്നത്. സത്യമാണ് പറയുന്നത്. അവർ തന്ന ആ ബഹുമാനം ഒരിക്കലും മറക്കില്ലെന്നും റഷീദ് പറയുന്നു.
ലുലു ഗ്രൂപ്പ് സ്റ്റാഫുകള്‍ക്ക് കിട്ടിയ പരിശീലനത്തെക്കുറിച്ച് ആദ്യ ദിവസം തന്നെ ഞാന്‍ പറഞ്ഞു. ഇത്തരം സ്റ്റാഫുകള്‍ യൂസഫലി ഭായിക്ക് കിട്ടിയ അനുഗ്രഹമാണ്. എന്റെ വീട്ടുകാർ അറിയാതെയാണ് ഞാന്‍ റിക്രൂട്ട്മെന്റിനായി പോയത് എന്നുള്ളത് സത്യമാണ്. എന്നാല്‍ അവർ എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയതാണ് എന്നൊക്കെയുള്ള ആരോപണം ഇതിന് പിന്നാലെ വന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു കാര്യവും ഇല്ല. മക്കളോടൊപ്പം തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അവർ എന്നെ അന്തസോടെ തന്നെ നോക്കുന്നു.
മക്കള്‍ ചോദിക്കുന്നത് ഇപ്പോഴും ജോലി ചെയ്യണോയെന്നാണ്. എന്നാല്‍ എനിക്ക് ഒരു ജോലി വേണം, സ്വന്തമായും വരുമാനം ഉണ്ടാക്കണം എന്നതാണ് ആഗ്രഹം. അരാംകൊയ്ക്ക് വേണ്ടി വർക്ക് ചെയ്തെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അരാംകൊ ഒരിക്കലും വിദേശ തൊഴിലാളികെ നേരിട്ട് നിയമിക്കില്ല. മാന്‍പവർ സപ്ലൈ വഴിയാണ് നമ്മളെയൊക്കെ എടുക്കുന്നത്. ഇറം എഞ്ചിനീയറിങ് എന്ന കമ്പനിയുടെ സ്റ്റാഫ് ആയിട്ടാണ് അവിടേക്ക് പോകുന്നത്.
ലുലുവിലെ ജോലിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഒരാഴ്ച കഴിഞ്ഞ വിളിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ജോലി ഉറപ്പിച്ചോ എന്ന് ചോദിച്ചാല്‍ ഇനി തീരുമാനിക്കേണ്ടത് അവരാണ്. അവർക്ക് എന്നെ കാണണമെന്ന് പറഞ്ഞു കണ്ടു. ഇനി എല്ലാ അവരാണ് തീരുമാനിക്കേണ്ടത്.മരിക്കുന്നതിന് മുമ്പ് യൂസഫലി ഭായിയെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ പ്രായത്തിലും ജോലി അന്വേഷിച്ച് ഇറങ്ങിയതില്‍ യാതൊരു ചമ്മലും ഇല്ല. ചമ്മലിന്റെ ആവശ്യം എന്താണ്. ഞാന്‍ എന്റെ ആവശ്യത്തിനായി പോയത്. അല്ലാതെ എനിക്ക് എന്തെങ്കിലും താ എന്ന് പറഞ്ഞ് ആരുടേയും മുമ്പില്‍ കൈനീട്ടാന്‍ പോയതല്ല. എനിക്ക് ഒരു ജോലി കിട്ടിയാല്‍ അത് ചെയ്യണം എന്നത് മാത്രമായിരുന്നു ആഗ്രഹം.
അന്ന് അവിടെ ഉണ്ടായിരുന്നവരില്‍ അധികവും 30 ന് താഴേയുള്ള പയ്യന്മാരായിരുന്നു. ആര് വന്നാലും അവരെ ബഹുമാനിക്കുകയെന്ന നിർദേശമാണ് അവർക്ക് ലഭിച്ചത്. എന്നോട് അവർ ചോദിച്ചld “വാട്ട് ഈസ് യുവർ ബേസിക് ലൈഫ്” എന്നതാണ്. ഏത് വർഷം അബുദാബിയില്‍ എത്തിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു 1974 എത്തിയെന്ന്. തുടർന്ന് ജോലിയിലുണ്ടായ മാറ്റങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞെന്നും റഷീദ് വ്യക്തമാക്കുന്നു.