കൊൽക്കത്ത:വെറും 600 രൂപക്ക് മൂന്നു മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലെത്താം. ഐ.ഐ.ടി മദ്രാസും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസുമാണ് സ്വപ്ന പദ്ധതിയുമായി രംഗത്തു വന്നത്.
നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. 2026ഓടെ ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന 20 സീറ്റർ മോഡൽ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ കേശവ് ചൗധരി ഈ ആശയത്തിന് പിന്നിലെ യുക്തി വിശദീകരിച്ചു.
പ്രത്യേക വിമാനം ജലോപരിതലത്തിന് വളരെ അടുത്തായി പറക്കുമെന്നും അതുവഴി ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വിമാനങ്ങൾ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പറക്കാൻ 2.5 മുതൽ മൂന്ന് ടൺ വരെ ഏവിയേഷൻ ടർബൈൻ ഇന്ധനം ഉപയോഗിക്കുന്നു. വാട്ടർഫ്ലൈയുടെ സീഗ്ലൈഡറിന് ഈ ചെലവ് ഗണ്യമായി കുറക്കാൻ കഴിയും. ഇതുവഴി താങ്ങാനാവുന്ന നിരക്കിന് ടിക്കറ്റ് നൽകാനാവും.