നാട്ടിൻ പുറങ്ങളില്‍ വേലിയായി വച്ചുപിടിപ്പിക്കുന്ന ഒരു ചെടിയാണ് വേലി ചീര. നിരവധി ഔഷധ പോഷക ഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഇവ. പലതരം വൈറ്റമിനുകള്‍ ഇവയില്‍ ആങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറ്റവും പറ്റിയ ചീര ഇനമാണിത്. മറ്റ് ഇലവർഗ്ഗ വിളകളെക്കാള് കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ജീവകം എ, ബി, സി എന്നിവ ധാരാളമായി ഉള്‍പ്പെടുന്നു. മാംസ്യം, ധാതുക്കള്‍ എന്നിവയുടെ ഒരു കലവറതന്നെയാണ്. ഇതില്‍ 7.4%ത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ തളിരിലയും ഇളംതണ്ടുകളും സ്വാദിഷ്ടമായ സാലഡായും ഇലക്കറിയായും ഉപയോഗിക്കാം. വൈറ്റമിന്‍ ഡി, എഫ്, കെ എന്നിവയും ഈ ചീരയില്‍ അടങ്ങിയിരിക്കുന്നു.
നേത്രരോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും ഒരു പ്രതിവിധി കൂടിയാണ് ഇതിന്റെ തളിരിലകള്‍. ഇവ തോരനായി ഉപയോഗിക്കാം. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ പ്രതിവിധിയാണ്. നിവര്‍ന്ന് വളരുന്ന ഈ ചീര വേലിയായി വളര്‍ത്താന്‍ അത്യുത്തമമാണ്. തണലുള്ളിടത്തും വലിയ പരിചരണമൊന്നും കൂടാതെ ഇവ വളരും. തണലില്‍ വളരുന്നവയുടെ ഇലകള്‍ വീതി കൂടിയതും, തുറസ്സായ പ്രദേശത്ത് വളരുന്നവയുടെ ഇലകള്‍ വീതി കുറഞ്ഞും കാണുന്നു. തളിരിലകള്‍ നുള്ളിയെടുത്ത് ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. വിളഞ്ഞ ചെടിയുടെ കമ്പ് 20 സെ.മി. നീളത്തില്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം.
നട്ട് നാലു മാസത്തിനു ശേഷം വിളവെടുക്കാം. ഇലകളും ഇളംതണ്ടുകളും ഉപയോഗിക്കാം. ഉയരത്തില്‍ വളരുന്ന ചെടിയായതിനാല്‍ വിളവെടുപ്പിന് സൗകര്യത്തിനായി ഇടയ്ക്കിടെ തളിര് നുള്ളി ഉയരം നിയന്ത്രിച്ച് നിറുത്താം. മുകള്ഭാഗം നുള്ളിക്കൊടുക്കുന്നത് കൂടുതല്‍ പാര്‍ശ്വശാഖകള്‍ വളരുവാന്‍ സഹായിക്കും. ഓരോ പ്രാവശ്യത്തെയും വിളവെടുപ്പിനു ശേഷം വളം ചേര്‍ത്തു കൊടുക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചാണകവെള്ളം കലക്കി ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചെടികള്‍ നന്നായി വളരാനും തളിരിലകള്‍ കൂടുതലായി ഉണ്ടാകുവാനും ഉപകരിക്കും.