--- പരസ്യം ---

അധ്യാപക ദിനത്തിൽ സമൂഹം മറക്കാതിരിക്കണം ഭിന്നശേഷി വിദ്യാലയങ്ങളിലെ/ സ്ഥാപനങ്ങളിലെ അധ്യാപകരെ – നജീബ് മൂടാടി എഴുതുന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അധ്യാപകരെ കുറിച്ച് പറയുമ്പോൾ സമൂഹം പലപ്പോഴും മറന്നു പോകുന്ന ഒരു വിഭാഗമാണ് ഭിന്നശേഷി വിദ്യാലയങ്ങളിലെ/ സ്ഥാപനങ്ങളിലെ അധ്യാപകർ. ഏറെ ക്ഷമയോടെയും സ്നേഹത്തോടെയും ഓരോ കുഞ്ഞുങ്ങളോടും ഇടപെടുന്ന ഈ അധ്യാപകരുടെ പെടാപ്പാടുകൾ പുറംലോകം അറിയാറില്ല. സാധാരണ കിട്ടികളെ പോലെ ചിട്ടയും അനുസരണവും പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്ത അധ്യാപന മേഖലയാണ്. ഓരോ കുഞ്ഞുങ്ങളുടെയും സ്വഭാവവും രീതിയും പെരുമാറ്റവുമൊക്കെ വ്യത്യസ്തമാണ് എന്ന് മാത്രമല്ല ഈ മക്കളിൽ സ്നേഹവും അടുപ്പവും ഉണ്ടാക്കിയെടുക്കുക എന്നത്, അവർക്ക് പ്രിയപ്പെട്ടവരായി മാറുക എന്നത് എളുപ്പമല്ല. ബുദ്ധിപരമായും ശാരീരികമായും പലവിധ പരിമിതികളുള്ള ഈ മക്കളെ പ്രധാനമായും പരിശീലിപ്പിക്കുന്നത് മലമൂത്രവിസർജ്ജനമടക്കം അവരുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക എന്നത് കൂടിയാണ്. പരിമിതികളേക്കാൾ അവരുടെ കഴിവുകളെ കണ്ടെത്തി അതിന് വേണ്ട പ്രോത്സാഹനം നൽകി അവരുടെ ആത്മവിശ്വാസം വളർത്തിയെടുത്തു കൊണ്ടാണ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നത്. മാതാപിതാക്കൾക്ക് പോലും അതിശയം തോന്നുന്ന രീതിയിൽ മക്കളിൽ മാറ്റമുണ്ടാവുന്നുവെങ്കിൽ ഈ അധ്യാപകർ പഠിച്ച പഠന-പരിശീലനങ്ങൾ മാത്രമല്ല അതിനുള്ള കാരണം. ഓരോ കുഞ്ഞുങ്ങളോടുമുള്ള ആത്മാർത്ഥമായ സ്നേഹവും കരുതലും പരിഗണനയുമാണ്. ഈ തൊഴിൽമേഖലയിലെ ശമ്പളമോ ആനുകൂല്യങ്ങളോ അല്ല special school educator മാരെ ഈ ജോലിയിലേക്ക് ആകർഷിക്കുന്നത്. തൊഴിൽ എന്നതിലുപരി ഇതൊരു വലിയ സേവനമാണ് എന്ന തിരിച്ചറിവാണ് ഇതിലേക്ക് പ്രചോദനമാവുന്നതെങ്കിൽ, നിഷ്കളങ്കരായ ഈ മക്കളുടെ ആത്മാർഥസ്നേഹമാണ് ഈ മേഖലയിൽ തുടരാൻ ഏറെപ്പേരെയും പ്രേരിപ്പിക്കുന്നത്. സ്വന്തം മക്കൾക്ക് വേണ്ടി ചെലവിടുന്നതിലേറെ സമയം പലപ്പോഴും ഈ കുഞ്ഞുങ്ങൾക്കായി വേണ്ടി വരുമ്പോഴും മടുപ്പില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നത് ഈ മക്കളുടെ നിഷ്കളങ്കസ്നേഹത്തിന്റെ ആനന്ദം ഉള്ളിൽ നിറവാകുന്നത് കൊണ്ടാണ്. പലപ്പോഴും ഇങ്ങനെയുള്ള മക്കളുടെ രക്ഷിതാക്കളല്ലാതെ ഈ അധ്യാപകരെ പുറംലോകം അറിയുക പോലുമില്ല. അധ്യാപകർ എന്ന നിലയിലുള്ള അംഗീകാരമോ പരിഗണനയോ സമൂഹത്തിൽ ലഭിക്കാറുമില്ല. അധ്യാപകദിനത്തിലെങ്കിലും ഓർക്കാം. ഇങ്ങനെയും കുറെ അധ്യാപകർ നമ്മുടെ ചുറ്റുമുണ്ടെന്ന്. ആദരണീയരായ അധ്യാപകർ.

✍️ എഴുത്ത് നജീബ് മൂടാടി

--- പരസ്യം ---

Leave a Comment