ഒരു വ്യക്തിയോടുള്ള ആദരവ്, നാടിന് വേണ്ടി ചെയ്ത നന്മ, നേട്ടങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ പേര് പ്രദേശത്തെ റോഡിന് നല്‍കുന്നത്. പലരുടേയും മരണാനന്തരം അവരുടെ ഓർമ്മകള്‍ നിലനിർത്താന്‍ ഇത്തരം നാമകരണങ്ങള്‍ സഹായകരമാവാറുണ്ട്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ പേരിലൊരു റോഡ് കാണാന്‍ ഭാഗ്യ ലഭിച്ച വ്യക്തിയാണ് പിടി ഉഷ. കോഴിക്കോട് നഗരത്തിലാണ് പിടി ഉഷയുടെ പേരിലുള്ള റോഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച വയനാടുകാരി മിന്നുമണിയുടെ പേരില്‍ ഒരു ജങ്ഷന്‍ മാനന്തവാടിയിലുണ്ട്. നാട്ടിലെ പേര് കഥകള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അബുദാബിയിലെ ഒരു പേര് കഥയാണ് ഇനി പറയാന്‍ പോകുന്നത്. റോഡ് അബുദാബിയിലാണെങ്കിലും അവിടേയും താരം മലയാളി തന്നെയാണ്.
അല്‍ ഐനിന്റെ പ്രിയപ്പെട്ട ഡോക്ടറും മലയാളിയുമായ ജോർജ് മാത്യുവിന്റെ പേരിലാണ് അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡ് ഇനി മുതല്‍ അറിയപ്പെടുക. പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യു അരനൂറ്റാണ്ടിലേറെയായി യു എ ഇയില്‍ ജോലി ചെയ്ത് വരികയാണ്. രാജ്യത്തിന് നല്‍കിയ സേവനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേര് റോഡിന് നല്‍കിയിരിക്കുന്നത്.
ദീഘവീക്ഷണത്തോടെ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്ന പദ്ധതിക്ക് യു എ ഇ മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് ജോർജ് മാത്യുവിനുള്ള അംഗീകാരവും.
യു എ ഇക്ക് വേണ്ടി ആത്മാർത്ഥമായി ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തീരുമാനത്തെ കാണുന്നതെന്നും അതില്‍ അതിയായ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഡോ.ജോർജ് പറഞ്ഞു. യു എ ഇയിലെ ആദ്യകാല ജോലികള്‍ കഷ്ടതയേറിയതായിരുന്നു. ഇതിനെയെല്ലാം അവഗണിച്ചാണ് മുന്നോട്ട് വന്നത്. ഇന്നത്തെ പോലെ റോഡ്,വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരമാവധി നേരിട്ട് അറിഞ്ഞ് സഹായിക്കാനായിരുന്നു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല ജോർജ് മാത്യുവിനെ യു എ ഇ അംഗീകരിക്കുന്നത്. സമ്പൂർണ യു എ ഇ പൗരത്വമുള്ള ജോർജിന് സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും ലഭിച്ചിട്ടുണ്ട്. പത്ത് വർഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചപ്പോഴായിരുന്നു യുഎഇ ഭരണാധികാരികളുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം ലഭിക്കുന്നത്. ഇത്തരത്തില്‍ പൗരത്വം ലഭിച്ച അപൂർവ്വം വ്യക്തികളില്‍ ഒരാളുമാണ് ജോർജ്