ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ.നാളെ വൈകിട്ട് വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത്. അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അപേക്ഷകർക്ക് ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലായ (https://hscap.kerala.gov.in/) വഴി അലോട്‌മെന്റ് നില അറിയാം.
പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നിലനിൽക്കുന്ന ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. മലബാറിൽ 18,223 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്നാണ് കണക്ക്. പാലക്കാട് 4434-ഉം കോഴിക്കോട്-ഉം 2307 സീറ്റുകൾ കുറവാണ്. കണ്ണൂരിൽ 646-ഉം കാസർകോട് 843-ഉം സീറ്റും കുറവുണ്ട്. സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറത്ത് 9993 സീറ്റുകളാണ് കുറവ്. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കിൽ 280 ബാച്ചുകൾ എങ്കിലും അനുവദിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.