എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കെഎസ്ഇബി

By admin

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നു. പുതിയ കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ഇ ബി. ഡിസംബര്‍ ഒന്ന് മുതലായിരിക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതിന്റെ ഭാഗമായി പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ഇത് സംബന്ധിച്ച് കെ എസ് ഇ ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാതെ ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും എന്നാണ് ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം എന്നും വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം എന്നും ചെയര്‍മാന്റെ സര്‍ക്കുലറില്‍ ഉണ്ട്.

ഇംഗ്ലീഷിലുള്ള കെ എസ് ഇ ബിയുടെ വെബ്സൈറ്റില്‍ മലയാളം ഉള്‍പ്പെടുത്തണം. സാധിക്കുമെങ്കില്‍ തമിഴ്, കന്നഡ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണം എന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി ജില്ലകളിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടി ഉപകാരപ്രദമാകുന്നതിനാണ് ഇത്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുക എത്ര എന്ന ഉപഭോക്താവിനെ അറിയിക്കണം.

വാട്‌സാപ്പിലും എസ് എം എസ് മുഖാന്തരവും ഉപഭോക്താവിന് തുടര്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം. സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇതോടെ ഐ ടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെ എസ് ഇ ബിയുടെ 1912 കോള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെല്ലിന്റെ ഭാഗമാവും. അപേക്ഷയിന്‍ മേല്‍ മനപ്പൂര്‍വം നടപടി വൈകിപ്പിക്കുക, ആദ്യം വരുന്ന അപേക്ഷ അട്ടിമറിച്ച് അവസാനം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുക തുടങ്ങിയ ആക്ഷേപങ്ങള്‍ കെ എസ് ഇ ബിക്കെതിരെ ഉയരുന്നതിനിടെയാണ് സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

അതിനിടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെ എസ് ഇ ബി രംഗത്തെത്തിയിട്ടുണ്ട്. ബി പി എല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍ സൗജന്യമായി വിതരണം ചെയ്യും. പുതുതായി ഗാര്‍ഹിക കണക്ഷനെടുക്കുന്നവര്‍ക്കും രണ്ട് ബള്‍ബ് സൗജന്യമാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!