--- പരസ്യം ---

കടപ്പുറത്തെ ആ ദ്രുതതാളം ഇനി ഓർമ…

By admin

Published on:

Follow Us
--- പരസ്യം ---

2000ത്തിലെ ​ഫെബ്രുവരി രണ്ടിനായിരുന്നു അത്. തബലയിൽ സംഗീതമഴ പെയ്യിക്കാൻ വിശ്വപ്രസിദ്ധ കലാകാരൻ സാക്കിർ ഹുസൈൻ കോഴിക്കോ​ട് കടപ്പു​റത്തെ മണൽ തരികളെയടക്കം കോരിത്തരിപ്പിച്ച രാവ്. ശിശിരരാവിൽ കടപ്പുറത്ത് മാനം മേഘാവൃതമായി. തുടരെ തുടരെ ഇടിയും മിന്നലും. ഡിപ് ഡിപ് ശബ്ദത്തിൽ മഴത്തുള്ളി വീഴാൻ തുടങ്ങി. അറബിക്കടലിന്റെ ഇളംകാറ്റിനൊപ്പം സാക്കിർ ഹുസൈന്റെ തബലയിൽനിന്ന് സംഗീതം മഴയായ് പെയ്തു. അന്ന് മലബാർ മഹോത്സവത്തിന്റെ പ്രധാന വേദിയായിരുന്നു കടപ്പുറം.

പ്രകൃതിയുടെ ഭാവങ്ങളും ഋതുഭേദങ്ങളും തബലയിൽ കൊണ്ടുവന്ന സാക്കിർ തബലവാദനത്തിന്റെ അനന്തതകളിലേക്ക് ഊളിയിട്ടു. തീൻ താളത്തിൽ തുടങ്ങി വില്ലംബിത്തിലും പിന്നീട് മധ്യലയത്തിലും പ്രവേശിച്ച് രേഖയിൽ അവസാനിച്ച തബലവാദനത്തിന് അന്ന് സുൽത്താൻഖാൻ സാരംഗിയിൽ ഉതിർത്ത ശ്രീരാഗം അകമ്പടിയായി. താളവും മെലഡിയും സമന്വയിച്ച സംഗീത വിരുന്നിൽ നിത്യജീവിതത്തിലെ വേറിട്ട ശബ്ദങ്ങളെ സാക്കിർ തബലയിലേക്ക് ആവാഹിച്ചു.

തീവണ്ടിയും ആവിയന്ത്രവും മോട്ടോർ ബൈക്കും കുളമ്പടിശബ്ദവും തബലയുടെ നാദത്തിൽ പിറന്നു. മാനം മേഘാവൃതമാക്കി. ഇടിയും മിന്നലും മഴയും കൊണ്ടുവന്നു. തബല ശംഖനാദം മുഴക്കിയപ്പോൾ സിംഹത്തിന്റെയും മാനിന്റെയും മുയലിന്റെയും ഓട്ടം വരെ തബലയിൽ പിറന്നു. തബലയുടെ ഭാഷ അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ഒന്നരമണിക്കൂർ നീണ്ട ആ സംഗീത സായാഹ്നം.

തബലയും സാരംഗിയും ചേർന്ന ജുഗൽബന്ദിയുടെ തലത്തിലേക്ക് മാറ്റാതെ പാശ്ചാത്യ സാങ്കേതികത തബലയിൽ ഉപയോഗിക്കുകയായിരുന്നു സാക്കിർ. എങ്കിലും സഹോദരൻ ഫസൽ ഖുറൈശിയുമായി ചേർന്നുള്ള തബലവാദനം ജുഗൽബന്തിയുടെ അനുഭവം ആസ്വാദകർക്ക് സമ്മാനിച്ചു. സംഗീതത്തിന്റെ ആരോഹണ അവരോഹണം കണ്ട ആയിരങ്ങൾക്ക് ആ മലബാർ മഹോത്സവം ഇന്നും മറക്കാനാവാത്ത അനുഭവം.

--- പരസ്യം ---

Leave a Comment