എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനുള്ള സമയപരിധി നീട്ടി. 2011 ജൂലൈ 20ന് ശേഷമിറങ്ങിയ പി.എസ്.സി വിജ്ഞാപനപ്രകാരം കെ. ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും 2012 ജൂണ്‍ ഒന്നുമുതല്‍ 2019-20 അധ്യായനവര്‍ഷം വരെ കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും മാത്രമാണ് നിശ്ചിത കാറ്റഗറിയിലുള്ള കെ.ടെറ്റ് യോഗ്യത നേടാനുള്ള കാലാവധിയില്‍ ഇളവനുവദിച്ചത്.
ഇവര്‍ക്ക് മാത്രം അവസാന അവസരമായി 2025 മേയില്‍ നടത്താനുദ്ദേശിക്കുന്ന പ്രത്യേക കെ.ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപന തീയതിവരെയാണ് സമയം അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
കെ.ടെറ്റ് യോഗ്യത നേടാതെ സര്‍വീസിലിരിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്കായി 2023 ആഗസ്റ്റില്‍ പ്രത്യേക പരീക്ഷ നടത്തിയിരുന്നെങ്കിലും ചില അധ്യാപകര്‍ക്ക് വിജയിക്കാനായിരുന്നില്ല. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും സമയപരിധി നീട്ടിയത്.
കെ.ടെറ്റ് യോഗ്യത നേടാത്തതിനാല്‍ വര്‍ഷങ്ങളായി സര്‍വീസുള്ള അധ്യാപകര്‍ക്ക് പോലും പ്രബേഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയവ തടഞ്ഞുവച്ചിരിക്കുകയാണ്.
എന്നാല്‍ 2023ല്‍ പ്രത്യേക കെ.ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരെയും 2025ലെ പ്രത്യേക പരീക്ഷയില്‍ യോഗ്യത നേടുന്നവരെയും കെ.ഇ.ആര്‍ 14 ചട്ടം 3ല്‍ പറയുന്ന തരത്തില്‍തന്നെ നിര്‍ദിഷ്ട യോഗ്യതയുള്ളവരായി പരിഗണിച്ച് നിയമന തീയതി മുതല്‍ കണക്കാക്കി പ്രബേഷന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കേണ്ടതും ഇന്‍ക്രിമെന്റ് അനുവദിക്കേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ, എയ്ഡഡ് സ്‌കൂളുകളില്‍ ഇളവ് കാലയളവായ 2012 ജൂണ്‍ ഒന്നുമുതല്‍ 2019-20 വര്‍ഷം വരെ കെ. ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായവരില്‍ ഇനിയും അംഗീകാരം ലഭിക്കാത്തവര്‍ക്ക് മറ്റ് വിധത്തില്‍ ക്രമപ്രകാരമെങ്കില്‍ നിലവിലെ നിയമവ്യവസ്ഥക്ക് വിധേയമായി നിയമനാംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
എന്നാല്‍ അവര്‍ക്കും പ്രബേഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയവ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ച് നല്‍കിയ കാലാവധിക്കുള്ളില്‍ കെ. ടെറ്റ് യോഗ്യത നേടുകയാണെങ്കില്‍ മാത്രമേ അനുവദിക്കേണ്ടതുള്ളൂവെന്നും അറിയിച്ചു.