--- പരസ്യം ---

കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

By neena

Published on:

Follow Us
--- പരസ്യം ---

കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഈ ജില്ലകളില്‍ സാധ്യതയുണ്ട്.

ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടന്നും മുന്നറിയിപ്പില്‍ പറയുന്നു.

തൃശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടര്‍ന്ന് പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു.

മഴക്കാലമായതിനാല്‍ ഏത് നിമിഷവും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാന്‍ 41 കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി എന്നീ നദികളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ കരമന, ഇടുക്കി ജില്ലയിലെ തൊടുപുഴ, തൃശൂര്‍ ജില്ലയിലെ കീച്ചേരി, കാസറഗോഡ് ജില്ലയിലെ പയസ്വിനി എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

--- പരസ്യം ---

Leave a Comment