--- പരസ്യം ---

ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന് ചൊവ്വാഴ്ച; പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും

By neena

Published on:

Follow Us
--- പരസ്യം ---

മലബാറിന്റെ കലാപാരമ്പര്യത്തിന്റെ നിത്യ തേജസ്സാർന്ന അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ രാമൻ നായർ. 2021 മാർച്ച് 15 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് തന്റെ ജീവിതമത്രയും ഉഴിഞ്ഞുവച്ച സമ്പൂർണ്ണ കലാകാരനായിരുന്നു ഗുരു ചേമഞ്ചേരി. നൂറ്റി അഞ്ചാം വയസ്സിൽ മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പു വരെ ഗുരു അരങ്ങിലെ നിറസാന്നിധ്യമായിരുന്നു.

ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം ഉൾപ്പടെ നിരവധി കലാസ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും ഗുരുവായിരുന്നു. ഗുരുവിന്റെ നിത്യസ്മരണക്കായി അദ്ദേഹം സ്ഥാപിച്ചു വളർത്തിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ കലാപുരസ്കാരമാണ് ഗുരു ചേമഞ്ചേരി പുരസ്കാരം. 2023 ൽ ആദ്യ പുരസ്കാരത്തിനർഹനായത് പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആയിരുന്നു. കഥകളിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് നല്കുന്നതിനായാണ് ഗുരു ചേമഞ്ചേരി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ചെണ്ട വാദന രംഗത്തെ പ്രമുഖ നായ കലാകാരന് പുരസ്കാരം നല്കാനാണ് ജൂറി അംഗങ്ങൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡോക്ടർ ഒ. വാസവൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവായി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ തെരഞ്ഞെടുത്തിരിക്കുന്നത്.

താളവാദ്യകലയിലെ അപൂർവ്വ സുന്ദര സാന്നിധ്യമായ മട്ടന്നൂരിന് ജൂലായ് 16 ന് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഒരുക്കുന്ന സാംസ്കാരിക സദസ്സിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
ആദരണീയനായ ഗോവാ ഗവർണ്ണർ ശ്രീ.പി. എസ്. ശ്രീധരൻ പിള്ളയാണ് കഥകളി വിദ്യാലയത്തിനു വേണ്ടി പുരസ്കാരസമർപ്പണം നടത്തുന്നത്. കാനത്തിൽ ജമീല എം.എൽ.എ, മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിടക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ തുടങ്ങി കലാസംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

തുടർന്ന് വൈവിധ്യമാർന്ന കലോപഹാരങ്ങൾ അരങ്ങേറുന്നു. മലബാറിലെ അമ്പത് പ്രശസ്ത തായമ്പക കലാകാരന്മാർ ഒരു വേദിയിൽ അണിചേരുന്ന സവിശേഷമായ തായമ്പക വാദനം- തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – നൃത്ത,സംഗീത ശില്പം, എന്നീ പരിപാടികൾ പുരസ്കാരവേദിയെ ധന്യമാക്കും.

--- പരസ്യം ---

Leave a Comment