ദുബൈ: ആറു മാസം നീളുന്ന ആഘോഷ രാവുകളിലേക്ക് മിഴി തുറന്ന് ഗ്ലോബൽ വില്ലേജ്. വർണ വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെയാണ് 29ാമത് എഡിഷനായി ആഗോള ഗ്രാമം ഹൃദയം തുറന്നത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് സാക്ഷിയാകാൻ പതിനായിരങ്ങൾ എത്തിയിരുന്നു.
യു.എ.ഇയിലെ ശൈത്യകാല ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ ഇത്തവണ കൂടുതൽ വൈവിധ്യമാർന്ന വിനോദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജോർഡൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ രണ്ട് പവലിയനുകളും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ഒരു സംയോജിത പവലിയനുകളും ഉൾപ്പെടുത്തി മൊത്തം പവലിയനുകളുടെ എണ്ണം 30 ആയി ഉയർത്തിയിട്ടുണ്ട്.
ലോകത്തെ രുചി വൈവിധ്യം ആസ്വദിക്കാൻ കാർണിവൽ പ്രദേശത്തിന് സമീപത്തായി രണ്ട് നിലകളുള്ള റസ്റ്റാറന്റ് പ്ലാസയും ഇത്തവണത്തെ പ്രത്യേകതയാണ്. കൂടാതെ 3500ലേറെ ഷോപ്പിങ് കേന്ദ്രങ്ങളും സജ്ജമാണ്. ഡൈനിങ് ഏരിയ, ഡ്രാഗൺ തടാകം, ഫിയസ്റ്റ് സ്ട്രീറ്റ്, റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ്, 200ലേറെ റൈഡുകൾ, ഗെയിമുകൾ എന്നിങ്ങനെ ആകർഷണങ്ങളുടെ നിര നീളുന്നു.
പ്രധാന സ്റ്റേജുകളിലും കിഡ്സ് തിയറ്ററുകളിലും വിവിധ പവലിയനുകളിലുമായി 40,000ത്തിലേറെ കല, സാംസ്കാരിക, വിനോദ പരിപാടികൾ അരങ്ങേറും. വിവിധ വേദികളിലായി 200ലേറെ കലാപരിപാടികളും ഉണ്ടാകും. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ച 12 വരെയാണ് സന്ദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ച ഒരു മണിവരെ സന്ദർശനം അനുവദിക്കും.
ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രവേശനം പരിമിതപ്പെടുത്തും. പൊതു അവധി ദിനങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ സന്ദർശിക്കാൻ 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഏതു ദിവസവും പ്രവേശനം സാധ്യമാകുന്ന ടിക്കറ്റിന് 30 ദിർഹമും നൽകണം.
മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യ വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമാണ്. സ്റ്റണ്ട് ഷോ, കാർണിവൽ, റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് എന്നിങ്ങനെ ചില ആകർഷണങ്ങളിലേക്കും റൈഡുകളിലേക്കും പ്രവേശന ടിക്കറ്റിന് പുറമെ പ്രത്യേക നിരക്കുകൾ ബാധകമാണ്.