മനില:ഡെങ്കിപ്പനി രാജ്യമെങ്ങും പടരുന്നതിനെ പ്രതിരോധിക്കാൻ വിവിധ വഴികൾ തേടുകയാണ് ഫിലിപ്പീൻസിലെ മനില നിവാസികൾ. അതിൽ വ്യത്യസ്തമായ മാർഗമാണ് സെൻട്രൽ മനിലയിലെ ഒരു വില്ലേജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് ഒരു പെസോ (1.50 രൂപ) നൽകുമെന്നാണ് പ്രഖ്യാപനം.
ഇത് മനില നിവാസികളുടെ കൊതുകുനിവാരണ പ്രവർത്തനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നാണ് വില്ലേജ് ക്യാപ്റ്റൻ കാർലിറ്റോ സെർണൽ പറയുന്നത്. പ്രാദേശിക ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം, രോഗത്തിന്റെ വ്യാപനം തടയുന്നതിലും ബോധവൽക്കരണ പദ്ധതിക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ നിറച്ച പാത്രങ്ങളും കപ്പുകളുമായി പണം കൈപ്പറ്റാൻ ഗ്രാമത്തിലുളളവർക്ക് വലിയ ആവേശമാണിപ്പോൾ.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പടിഞ്ഞാറൻ പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനിയുള്ള രാജ്യം ഫിലിപ്പീൻസാണ്. 2023-ൽ 1,67,355 ഡെങ്കി കേസുകളും 575 മരണങ്ങളുമുണ്ടായെന്നാണ് കണക്കുകൾ. രാജ്യത്തെ അഞ്ച് നഗരങ്ങളിൽ ഇപ്പോൾ ഡെങ്കി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് ഡെങ്കി കേസുകളിൽ ഈ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യ വകുപ്പ് പറയുന്നു. വീടും പരിസരവും കൃത്യമായി വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.