വിദേശത്തേക്ക് ഉള്‍പ്പെടെ അവസരം ഒരുക്കുന്ന മഹാതൊഴില്‍ പൂരത്തിന് ഒരു തൃശൂർ. ഏപ്രിൽ 26-ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിലും വിമല കോളേജിലുമായി നടക്കുന്ന മെഗാ ജോബ് ഫെസ്റ്റോടെയാണ് തൊഴിൽപൂരത്തിനു തുടക്കം. തുടക്കത്തിൽ പറഞ്ഞത് 5,000 പേർക്കെങ്കിലും ജോലിയെന്നാണ്. പിന്നീട് ലക്ഷ്യം 10,000 ആയി ഉയർത്തിയെന്നും വിജ്ഞാന കേരളം പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തോമസ് ഐസക് വ്യക്തമാക്കി.
10000 അല്ലെ ഇപ്പോൾ എനിക്ക് തോന്നുന്നത് 20,000 പേർക്കെങ്കിലും ജോലികൊടുക്കാൻ കഴിയുമെന്നാണ്. മൂന്ന് ലക്ഷത്തിലധികം വിവിധങ്ങളായ തൊഴിലവസരങ്ങൾ ഇതിനായി ഡി ഡബ്ല്യൂ എം എസ് ( D W M S ) ൽ ഉണ്ട്. ഇപ്പോൾ 10,000 തൊഴിലന്വേഷകരാണ് പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ എണ്ണം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്ലംബർ, വെൽഡർ, ഇലക്ട്രീഷ്യൻ, മേസൺ തുടങ്ങിയ സ്‌കിൽഡ് നിർമ്മാണ ജോലിക്കാർക്ക് വേണ്ടി പ്രത്യേക മേള മെയ് ഒന്നാമത്തെയോ രണ്ടാമത്തെയോ ഞായറാഴ്ച നടക്കും. പ്രത്യേക ഗൂഗിൾ ഫോർമാറ്റിൽ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുന്ന ആർക്കും ഈ തൊഴിൽമേളയിൽ പങ്കെടുക്കാം.
മൂന്നാമത്തേത്, ലോക്കൽ – ഹൈപ്പർ ലോക്കൽ ജോലികൾക്ക് വേണ്ടിയുള്ള ചെറു പൂരങ്ങളാണ്. കുടുംബശ്രീ ആണിതിന് മുൻകൈ എടുക്കുന്നത്. ഇപ്പോൾ നമ്മുടെ ചെറുകിട സംരംഭങ്ങളിൽപോലും ഗണ്യമായഭാഗം തൊഴിലും അതിഥി തൊഴിലാളികളാണ് ചെയ്യുന്നത്. അവരെ ലഭ്യമാക്കാൻ ജോബ് ഏജൻസികളും ഉണ്ട്. ഈ തൊഴിലുകളിൽ നല്ലൊരുഭാഗം അതത് പ്രദേശത്തെ വീട്ടമ്മമാരായി ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്ക് ചെയ്യാവുന്നതാണ്.
ഏതു സംരംഭകനും പ്രദേശത്ത് സ്ത്രീകളേയോ ( – പുരുഷന്മാരെയും – ) ജോലിക്ക് തിരഞ്ഞെടുത്താൽ അവർക്ക് കൃത്യമായ നൈപുണി പരിശീലനം നൽകി ജോലിക്ക് സജ്ജമാക്കുന്നതിനു കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും മുൻകൈ എടുക്കും. അതത് പ്രദേശങ്ങളിൽ നടത്തുന്ന ചെറുമേളകൾക്ക് പുറമെ തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ മെയ് 18 മുതൽ 23 വരെ തേക്കിൻകാട് മൈതാനിയിൽ മഹാ തൊഴിൽ മേളയും ഉണ്ടാവും എന്നും അദ്ദേഹം അറിയിച്ചു.
മെയ് 18 മുതൽ 23 വരെയുള്ള ആറ് ദിവസങ്ങളിൽ തുടർച്ചയായി കേരളാടിസ്ഥാനത്തിൽ ഓൺലൈൻ അഭിമുഖങ്ങളും നടക്കും. ഇപ്പോൾ എല്ലാ ശനിയാഴ്ചകളിലുമാണ് ഓൺലൈൻ അഭിമുഖങ്ങൾ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചകളിൽ നടന്ന നാല് ഓൺലൈൻ അഭിമുഖങ്ങളിലായി കേരളത്തിൽ 1,200 പേർക്ക് തൊഴിൽ ലഭിച്ചു. അതിലേതാണ്ട് പകുതി തൃശൂർ ജില്ലയിൽ നിന്നാണ്.
വിജ്ഞാന കേരളം തൃശൂർ ജില്ലാ കൗൺസിലിന്റെ രൂപീകരണയോഗത്തിനു മന്ത്രിമാരായ കെ. രാജനും, ആർ. ബിന്ദുവും നേതൃത്വം നൽകി. കെ. രാജനാണ് കൗൺസിൽ ചെയർമാൻ. ആർ. ബിന്ദു കോ-ചെയറും. ജില്ലയിലെ പ്രധാനപ്പെട്ട സംഭരംഭകരെ ബന്ധപ്പെടുന്നതിന് എ സി മൊയ്തീൻ എം എൽ എയുടെ നേതൃത്വത്തിൽ ഡോ. പി. സരിൻ, വിജയഹരി തുടങ്ങിയവരുടെ ഒരു ടീം പ്രവർത്തിക്കുന്നുണ്ട്.
ഇതുപോലെത്തന്നെ ബിനീഷ് ജോർജിന്റെ നേതൃത്വത്തിൽ കെ-ഡിസ്കിന്റെ ഒരു ടീമും സജീവമായി ഉണ്ട്. ജോബ് സ്റ്റേഷനുകൾ എല്ലാം സജീവമാണ് എല്ലായിടത്തും സഹായത്തിനു കെ-ഡിസ്കിന്റെ ഒരു ജീവനക്കാരനുമുണ്ട്. സന്തോഷകരമായ കാര്യം തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തമാണ്. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ സംയുക്ത നൈപുണി – തൊഴിൽ പ്രോജക്ടിനായി 6.6 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തൃശൂർ തൊഴിൽപൂരം എന്തുകൊണ്ടും വിജ്ഞാന കേരളം ജനകീയ കാമ്പയിനിൽ ഒരു വഴിത്തിരിവാകുമെന്നു തീർച്ചയാണ്. തോമസ് ഐസക് കൂട്ടിച്ചേർത്തു.