ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യു.എസ്. പഠനം ഇനി എളുപ്പമാകില്ല. കര്‍ശന നിയമങ്ങളും ഉയര്‍ന്ന വിസ നിരസിക്കലും വിദ്യാര്‍ഥികളുടെ വിദേശപഠന സ്വപ്നത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ മാസമായ 2025 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യു.എസ്. വിസകളില്‍ 30 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ അനുവദിച്ച വിസകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വലിയ കുറവ് വ്യക്തമാകുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് യു.എസ്. അനുവദിച്ച സ്റ്റുഡന്റ് വിസകളില്‍ മൊത്തത്തില്‍ 4.75% കുറവ് സംഭവിച്ചതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.
ചൈന, വിയറ്റ്നാം, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വിസകളിലെ കുറവിനേക്കാള്‍ ഗണ്യമായ വ്യത്യാസം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്റ്റുഡന്റ് വിസകളിലെ ഇടിവിലുണ്ട്. അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസകള്‍ മതിയായ അറിയിപ്പുകളില്ലാതെ റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ആശങ്കാജനകമായ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവരുന്നത്. ഏകദേശം 170 ഓളം യു.എസ്. കോളേജുകളിലെ കുറഞ്ഞത് 1100 വിദ്യാര്‍ഥികള്‍ ഇതിനോടകം ഈ നടപടി മൂലം ദുരിതത്തിലായിട്ടുണ്ട്.
വിസ റദ്ദാക്കിയ 327 വിദേശവിദ്യാര്‍ഥികളില്‍ പാതിപ്പേരും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഇത് വെളിപ്പെടുത്തിയത്.സ്റ്റുഡന്റ്‌സ് ആന്‍ഡ് എക്സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (സെവിസ്) വിദ്യാര്‍ഥിവിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്കുണ്ടാക്കിയത്. നിയമവിരുദ്ധകുടിയേറ്റം തടയാനുള്ള നടപടി എന്നാരോപിച്ചാണ് നീക്കമെങ്കിലും കാരണം കാണിക്കാതെയാണ് പലരുടെയും വിസ റദ്ദാക്കിയത്.
തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് ഇതിനോടകം വിദേശവിദ്യാര്‍ഥികളും അവകാശസംഘടനകളും വിവിധ ഫെഡറല്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. മസാച്യുസെറ്റ്‌സ്, മൊണ്ടാന, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ ജഡ്ജിമാര്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം തടയാനുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ന്യൂ ഹാംഷെയറിലെ റിവിയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മണികാന്ത് പാസുല എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയും, മിഷിഗണിലെ പൊതു സര്‍വ്വകലാശാലകളിലെ മറ്റ് നാല് വിദ്യാര്‍ഥികളോടൊപ്പം നിയമനടപടി സ്വീകരിച്ചവരില്‍പ്പെടും.
ഇന്ത്യന്‍ ഗവണ്‍മെന്റ് വിഷയത്തില്‍ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. നേരത്തെ വിദ്യാര്‍ഥികളോട് ‘നിയമം അനുസരിക്കാന്‍’ ഉപദേശിച്ചിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ദുരിതത്തിലായ വിദ്യാര്‍ഥികളോട് നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2025 ഫെബ്രുവരിയില്‍ അമേരിക്ക ആകെ 6,804 എഫ്-1 വിസകളാണ് അനുവദിച്ചത്. ഇത് 2024 ഫെബ്രുവരിയില്‍ അനുവദിച്ച 7,143 വിസകളില്‍ നിന്ന് 4.75% കുറവാണ്. ഇതേ കാലയളവില്‍, ചൈനീസ് വിദ്യാര്‍ഥികള്‍ക്കുള്ള എഫ്-1 വിസകളുടെ എണ്ണം 1,179 ല്‍ നിന്ന് 1,117 ആയി കുറഞ്ഞു ( അതായത് 5.2% കുറവ്), ജാപ്പനീസ് വിദ്യാര്‍ഥികള്‍ക്ക് 500 ല്‍ നിന്ന് 452 ആയി കുറഞ്ഞു ,9.6% കുറവാണിത്. വിയറ്റ്നാമീസ് വിദ്യാര്‍ഥികള്‍ക്ക് 326 ല്‍ നിന്ന് 302 ആയി കുറഞ്ഞു (7.4% കുറവ് വരും). എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള എഫ്-1 വിസകളുടെ എണ്ണം 590 ല്‍ നിന്ന് 411 ആയി കുറഞ്ഞു (30% ആണ് ഈ കുറവ്).
വിദ്യാര്‍ഥി വിസയ്ക്കായുള്ള കാത്തിരിപ്പ് സമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍. ശരാശരി ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യു.എസ്. വിസ ലഭിക്കാന്‍ 58 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. അതേസമയം ടോക്കിയോയിലെ വിദ്യാര്‍ഥികള്‍ക്ക് വെറും 15 ദിവസവും, ഹനോയിയിലെയും ബെയ്ജിംഗിലെയുംവിദ്യാര്‍ഥികള്‍ക്ക് ശരാശരി രണ്ട് ദിവസവുമാണ് കാത്തിരിപ്പ് സമയം വേണ്ടി വരുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ മൂലം വിദ്യാര്‍ഥി വിസകളുടെ എണ്ണത്തില്‍ മൊത്തത്തിലുണ്ടായ കുറവും, അത് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹാനികരമായി ബാധിച്ചതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കാലങ്ങളായി ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ അപേക്ഷകളുടെ എണ്ണം വര്‍ധിക്കുകയും, ഇത് പലരുടെയും അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു.
2024-ല്‍ 41% വിദ്യാര്‍ഥി വിസ അപേക്ഷകളും നിരസിക്കപ്പെട്ടു. അതേസമയം മറ്റ് വിസ അപേക്ഷകളില്‍ 22.1% മാത്രമാണ് നിരസിക്കപ്പെട്ടത്.വാസ്തവത്തില്‍, 2023 ലും 2024 ലും അര ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ വിസകള്‍ യു.എസ് നിരസിച്ചിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന ഒരു കണക്കാണ്.