കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ യുവതി മര്‍ദ്ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.
ഇന്നലെ രാത്രിയാണ് യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. അതേസമയം, ആശുപത്രിയില്‍ നിന്ന് നല്‍കിയ വിവരം അനുസരിച്ച് രാഹുലിനെ പാലാഴിയില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എറണാകുളത്ത് നിന്ന് മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതായി പൊലിസ് പറഞ്ഞു.
ഒന്നരമാസം മുന്‍പാണ് ആദ്യകേസ് ഹൈക്കോടതി തീര്‍പ്പാക്കിയത്. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.