അരിക്കുളം:പൊതുവിദ്യാലയങ്ങൾ സമഭാവനയും സമത്വവും പുലരുന്ന കേന്ദ്രങ്ങളാണെന്ന് ഷാഫി പറമ്പിൽ എം.പി . ഇവിടങ്ങളിൽ സാമ്പത്തിക വേർതിരിവില്ലാതെ വിവിധ ജാതിമത വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിതാക്കളായെത്തുന്നു. ഇത്തരം വിദ്യാലയങ്ങളിലൂടെയാണ് മൂല്ല്യബോധവും നേതൃഗുണവുമുള്ള തലമുറ വളർന്നു വരുന്നത്. മതേതര ബോധമുള്ള, ഒരുമയുടേയും സ്നേഹത്തിൻ്റെയും സന്ദേശവാഹകരായി വിദ്യാർത്ഥികളെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് കഴിയണം. അരിക്കുളം എൽ.പി.സ്ക്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടത്തിൽ സ്മാർട്ട ക്ലാസ്റൂം സജ്ജമാക്കുന്നതിനുള്ള സഹായം ലഭ്യമാക്കുമെന്ന് എം.പി. ഉറപ്പുനൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ടി.എം. രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, എ . ഇന്ദിര, കെ. ബിനി, പ്രധാനാധ്യാപകൻ ഡി.ആർ. ഷിംജിത്ത്, വി.വി.എം. ബഷീർ, മാനേജ്മെൻ്റ് പ്രതിനിധി പി. മജീദ് മാസ്റ്റർ, ലത കെ പൊറ്റയിൽ, ഇ. രാജൻ മാസ്റ്റർ, എടവന രാധാകൃഷ്ണൻ, രാമചന്ദ്രൻ നീലാംബരി, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, എസ്.എസ്.ജി. കൺവീനർ സി. രാധ , പി.ടി.എ. പ്രസിഡണ്ട് ടി.കെ. പ്രേമൻ, പി.സി. സന്ദീപ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിദ്യാലയത്തിൽ പുതുതായി ആരംഭിക്കുന്ന റോളർ സ്കേറ്റിംഗിൻ്റെ ഫ്ളാഗ് ഓൺ കർമം എം.പി നിർവ്വഹിച്ചു. ഓൾ കേരള ടാലൻ്റ് സർച്ച് എക്സാമിനേഷനിൽ റാങ്ക് കരസ്ഥമാക്കിയവർക്കുള്ള ഉപഹാര സമർപ്പണ കർമവും നടന്നു.