ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകശ ഏജന്‍സിയുടെ (ഇസ) പേടകമായ പ്രോബ 3യും വഹിച്ചു കൊണ്ടുള്ള പി.എസ്.എൽ.വി സി59 വിക്ഷേപണം വിജയകരം. വൈകിട്ട് 4.04ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്നാണ് രണ്ട് പേടകങ്ങളെയും ഒരു റോക്കറ്റിൽ വിക്ഷേപിച്ചത്.
ഉപഗ്രഹത്തില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഐ.എസ്.ആർ.ഒ മാറ്റിവെച്ചിരുന്നു.
ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻ.എസ്.ഐ.എൽ) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇസ) സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. 2001ല്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച പ്രോബ-1, 2009ലെ പ്രോബ-2 ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ-3.
സൂര്യാന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യ ഭാഗത്തുള്ള ചൂടേറിയ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ കൃത്രിമ ഉപഗ്രഹങ്ങളുടെ ദൗത്യം. രണ്ട് ഉപഗ്രഹങ്ങളും 150 മീറ്റർ അകലത്തിലുള്ള കൊറോണ സൃഷ്ടിച്ചാണ് പഠനം നടത്തുക.
സൂര്യഗ്രഹണ സമയത്ത് മാത്രമേ സൗരയൂഥത്തിലെ കൊറോണയെ കുറിച്ച് പഠിക്കാൻ സാധിക്കൂ എന്നതിനാലാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നത്. പേടകത്തിന്‍റെ ആകെ ഭാരം 550 കിലോഗ്രാമാണ്.