പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് അധിക ബാച്ചുകൾ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. സപ്ലിമെൻ്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന് ശുപാർശയിൽ പറയുന്നു. ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക മുഖ്യമന്ത്രിയോട് കൂടി ആലോചിച്ച ശേഷമായിരിക്കും.
മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്. 15 വിദ്യാർത്ഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.