മനുഷ്യ ശരീരത്തിൽ അപകടമുണ്ടാകാൻ സാധ്യതയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ മരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ. അവ “കോക്ടെയ്ൽ” മരുന്നുകൾ എന്നും അറിയപ്പെടും.
ഇന്ത്യയിലെ പ്രമുഖ കമ്പനികൾ മുടി വളർച്ചയ്ക്കും, ചർമ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മൾട്ടിവൈറ്റമിനുകളും നിരോധനം ഏർപ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോൾഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷൻ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. ഇക്കാരണത്താൽ തന്നെ വ്യാപകമായ ഉപയോഗത്തിൽ ഈ മരുന്നുകൾ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷൻ മരുന്നുകൾ ഡോക്ടര്മാർ എഴുതുന്നതും പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്നാണ് റിപ്പോർട്ട്.
സിപ്ല, ടോറന്റ്, സൺ ഫാർമ, ഐപിസിഎ ലാബ്സ്, ല്യൂപിൻ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികൾക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികൾ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.
“പൊതുജനതാൽപ്പര്യം മുൻനിർത്തി ഈ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 സെക്ഷൻ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
നിരോധിച്ച മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.