മോഹൻ ജൊദാരോ എന്ന വാക്കിനർഥം മരിച്ചവരുടെ കുന്നെന്നാണ്. കാലാകാലങ്ങൾക്കപ്പുറത്ത് മരിച്ച ഒരു നഗരം ഇവിടെ സ്ഥിതി ചെയ്യുന്നു. എന്നാൽ ആ നഗരം വെറുമൊരു നഗരമല്ല. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ ഉത്‌ഭവം കുടികൊള്ളുന്ന കേന്ദ്രങ്ങളിലൊന്ന് ഈ നഗരത്തിലാണ്.
ഇന്ന് പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജൊദാരോ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രബലകേന്ദ്രമായിരുന്നു. ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. മോഹൻ ജൊദാരോ ആദ്യമായി കണ്ടെത്തിയിട്ട് നൂറു വർഷം തികയുന്ന വേളയാണ് ഇപ്പോൾ ആരവങ്ങളില്ലാതെ കടന്നുപോകുന്നത്.
ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്. കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് പിറ്റേവർഷമാണ് മൊഹൻ ജൊദാരോ ആർ.ഡി. ബാനർജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്. ഇതെല്ലാം ഒരു വൻമലയുടെ അറ്റം മാത്രമായിരുന്നു. ഇന്നത്തെ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ വിവിധ നഗരങ്ങൾ താമസിയാതെ മറനീക്കി പുറത്തുവന്നു. ഗുജറാത്തിലെ ലോഥലും രാജസ്ഥാനിലെ കാലിബംഗാനുമൊക്കെ ഇതിൽ ഉൾപ്പെടും.
മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമൊക്കെ അക്കാലത്ത് നാഗരിക സംസ്കാരമുണ്ടായിരുന്നു. എന്നാൽ സിന്ധുനദീതട സംസ്കാരം സാങ്കേതിക ശേഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നു. വീട്ടുപകരണങ്ങൾ, വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു.
മോഹൻ ജൊദാരോ, ഹാരപ്പ എങ്ങനെയാണ് വാസയോഗ്യമല്ലാതായി നശിച്ചതെന്ന കാര്യത്തിൽ വിദഗ്ധർ തമ്മിൽ ഇന്നും ചർച്ചകൾ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ നിരവധി പ്രശ്നങ്ങളോ അല്ലെങ്കിൽ ശത്രുസേനകളുടെ ആക്രമണമോ അങ്ങനെയെന്തെങ്കിലുമൊക്കെയാകാം നഗരങ്ങളുടെ നാശത്തിനു കാരണമായതെന്ന് പൊതുവെ പല അഭിപ്രായങ്ങളുണ്ട്. ഈ ചിന്തകൾക്കെല്ലാം വളരെയേറെ ഊർജം പകർന്ന കാര്യമാണ് മോഹൻ ജൊദാരോയിൽ 44 അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
1940 കാലയളവിൽ മോഹൻ ജൊദാരോയിലെ പര്യവേക്ഷണത്തിനും പഠനത്തിനും ധാരാളം സമയം ചെലവഴിച്ച പുരാവസ്തു ഗവേഷകനായ സർ മോർട്ടിമർ വീലർ ഈ നഗരങ്ങൾ, പ്രത്യേകിച്ച് മോഹൻ ജൊദാരോ നശിച്ചതിനെക്കുറിച്ച് ഒരു സിദ്ധാന്തം മുന്നോട്ടുവച്ചിരുന്നു.
ഒരു വലിയ കൂട്ടക്കൊലയോ ആക്രമണമോ യുദ്ധമോ ആണ് ഇവിടെ അരങ്ങേറിയതെന്നാണ് മോർട്ടിമർ വീലർ പറഞ്ഞത്. നഗരത്തെ സംരക്ഷിക്കാൻ ശ്രമിച്ച ആളുകളുടെ അസ്ഥികൂടങ്ങളാണത്രേ ഈ 44 എണ്ണം. ഇതിൽ തന്നെ 14 എണ്ണം വളരെ വിചിത്രമായ നിലയിൽ ഒരു മുറിക്കുള്ളിലാണു സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് വീലറിന്റെ വാദം ഏകദേശം അംഗീകരിക്കപ്പെട്ടു.
എന്നാൽ പിൽക്കാലത്ത് ഈ സിദ്ധാന്തത്തിന് ശക്തമായ എതിർപ്പുണ്ടായി. മോഹൻ ജൊദാരോയിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ പരിശോധന നടത്തിയപ്പോൾ അവയിൽ ഏതെങ്കിലും ആയുധം ഉപയോഗിച്ചുള്ള മുറിവുകളോ മറ്റോ കണ്ടതായി സ്ഥിരീകരിക്കാൻ വിദഗ്ധൻമാർക്ക് സാധിച്ചില്ല. അതിനാൽ തന്നെ വീലറുടെ സിദ്ധാന്തം വരും കാലങ്ങളിൽ മങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ മാറ്റങ്ങളാണ് നഗരങ്ങളുടെ പതനത്തിനു വഴിവച്ചതെന്നു സിദ്ധാന്തം പിൽക്കാലത്ത് ഏറെ ശ്രദ്ധ നേടി. വരൾച്ചയോ പ്രകൃതിദുരന്തമോ അല്ലെങ്കിൽ പകർച്ച വ്യാധികളോ കാരണം ഇവിടെ താമസിച്ചിരുന്ന ജനസമൂഹം നശിച്ചിരിക്കാം അല്ലെങ്കിൽ അവർ താമസം മാറ്റിയിരിക്കാം എന്നായിരുന്നു ഇതു മുന്നോട്ടുവച്ചവർ പറഞ്ഞത്