മരുഭൂമിയെന്നാൽ നാം സഞ്ചരിക്കുന്ന റോഡിന് ഇരുവശവും കാണുന്ന പലരൂപത്തിലും ഭാവത്തിലുമുള്ള മണൽപരപ്പുകൾ മാത്രമല്ല. കാറ്റിനോടൊപ്പം ചൂടുപ്പിടിച്ച സഞ്ചാരത്തിനിടയിൽ വഴികളിലെ തടസങ്ങളിൽ തട്ടി ശിൽപങ്ങളും കുന്നുകളുമായി രൂപപ്പെടുന്ന മരുഭൂമിയുടെ വേഷപകർച്ചകൾ വിസ്മയങ്ങളുടെ വിസ്മമയങ്ങളാണ്. മരുഭൂമിയുടെ അപാരമായ കാഴ്ച്ചകളുടെ പരപ്പുകളിലേക്ക് ഇറങ്ങി നോക്കുക, അദ്ഭുതങ്ങൾ മേയുന്ന മൗനങ്ങളുടെ അഴകിൽ നിങ്ങൾ ഒഴുകി പരക്കും. മരുഭൂമിയുടെ ആഴങ്ങളിലേക്കും ഉയരങ്ങളിലേക്കും ചെല്ലുമ്പോൾ മുയലുകളുടെ കുതിച്ചോട്ടങ്ങൾ കാഴ്ച്ചയിലേക്ക് കുതിച്ചെത്തും. മരുഭൂമിയിലെ മുയൽ എന്നറിയപ്പെടുന്ന ബ്ലാക്ക്-ടെയിൽഡ് ജാക്രാബിറ്റുകളെ പിടിക്കാനോടി തോൽവി സമ്മതിച്ച ശത്രുക്കൾ തന്നെ അവയുടെ കുതിച്ചോട്ടത്തിന്റെ കഥ പറഞ്ഞു തരും.
സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്റർ ഉയരത്തിൽ വരെ ഇവ കാണപ്പെടുന്നു. കറുത്ത വാലുള്ള ജാക്രാബിറ്റുകൾക്ക് കുറ്റിച്ചെടികളും പുൽമേടുകളും വീടാണ്. ശത്രുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ സുരക്ഷിത മേഖലയിലേക്ക് ഇവ കുതിച്ച് പായും. സിഗ്-സാഗ് പാറ്റേണുകളിൽ മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓടിയും 20 അടി വരെ ചാടിയുമാണ് ഇവ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നത്. ശത്രുക്കളുടെ സാന്നിധ്യം സഹജീവികളെ അറിയിക്കാൻ വാലിനടയിലെ തിളക്കം ഉപയോഗപ്പെടുത്തുന്നു. ജാക്രാബിറ്റുകൾ പകൽ സമയത്ത് കുറ്റിച്ചെടികൾക്കടിയിൽ വിശ്രമിക്കുകയും ഉച്ചകഴിഞ്ഞും രാത്രിയിലും ഭക്ഷണം തേടിയിറങ്ങുകയും ചെയ്യുന്നു. പുല്ലുകൾ, ചെറിയ മരങ്ങൾ, ഫോർബുകൾ, കള്ളിച്ചെടികൾ, കുറ്റിച്ചെടികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. മുയലുകൾക്ക് വെള്ളം കുടിക്കാൻ കഴിയുമെങ്കിലും, അവ സാധാരണയായി അവരുടെ ഭക്ഷണത്തിൽ നിന്ന് അത് നേടുന്നു. പ്രജനനം ഒഴികെയുള്ള വേളകളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ശത്രുക്കളുടെ മണം അടുത്തെത്തിയാൽ മതി ഇവ കുതിച്ച് പായും. ഓടി ഓടി തളരുന്ന ശത്രുക്കൾ വരെ ഇവയുടെ കഴിവിനെ പുകഴ്ത്തും.
ഇവയുടെ പ്രജനനം ആവാസ മേഖലയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി വസന്തകാലത്താണ് പ്രജനനം. കണ്ണുകൾ തുറന്ന് പൂർണമായും രോമങ്ങളോടെയാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. അമേരിക്കൻ മരുഭൂമിയിലെ മുയൽ എന്നറിയപ്പെടുന്ന ബ്ലാക്ക്-ടെയിൽഡ് ജാക്രാബിറ്റ്, അറേബ്യൻ മരുഭൂമിയുടെയും സ്വന്തമാണ്. ഏകദേശം 650,000 സ്ക്വയർ മൈൽ വിസ്തീർണമുള്ള റൂബുഉൽ ഖാലി എന്ന അറേബ്യൻ മരുഭൂമിയിലെല്ലാം ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പകൽസമയത്തെ അതികഠിനമായ ചൂടിനെ നേരിടുവാൻ മരുഭൂ പ്രദേശത്തെ ജീവികൾ സൂര്യാസ്തമയത്തിനു ശേഷം പുലരുന്നതുവരെയാണ് ഇരതേടാൻ ഇറങ്ങുന്നത്. മരുഭൂമിയിലെ ജലദൗർലഭ്യത്തെ നേരിടുവാൻ ഈ ജന്തുക്കൾക്ക് ചില ഉപായങ്ങളുണ്ട്. ഇവിടെയുള്ള ജീവികളിൽ ഭൂരിഭാഗവും ജലം ഉൾക്കൊണ്ട ഇലവർഗങ്ങൾ ധാരാളമായി അകത്താക്കുന്നു. ഇവയുടെ ആഹാരസമയം മിക്കവാറും രാത്രിസമയമാണ്. ഈ സമയമാണ് ഇലകളിൽ ജലാംശം ധാരാളമായുണ്ടാവുക. പ്രകൃതി തന്നെ പകർന്ന് കൊടുത്ത ജീവിത താളം. യു.എ.ഇയിൽ മരുഭൂമിയുടെ സംരക്ഷണത്തിന് വൻ പ്രാധാന്യം നൽകുന്നത് കൊണ്ട് ഇവയുടെ ആവാസ വ്യവസ്ഥ താളം തെറ്റുന്നില്ല. മലിനീകരണം തടയുന്ന നിരവധി പദ്ധതികളാണ് മരുപ്രദേശത്ത് മാത്രം യു.എ.ഇ നടപ്പിലാക്കിയിട്ടുള്ളത്.
മരുഭൂമിയിലെ എല്ലാവിഭാഗത്തിലുമുള്ള ജന്തുക്കൾക്കും മങ്ങിയ നിറമായിരിക്കും. സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും ചൂട് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതും ഇതിനാൽ കുറവായിരിക്കും.
മരുഭൂമിയിൽ സാധാരണ ഗതിയിൽ കാണപ്പെടുന്നത് ഒട്ടകങ്ങളെ മാത്രമാണ്. എന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും അറേബ്യൻ ഓറിക്സ് പോലുള്ള പലവിധ സസ്തനികൾ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നുണ്ട്. ഒറ്റപ്പെട്ട മണലും പാറകളും നിറഞ്ഞ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്തയിടങ്ങളിൽ വരയുള്ള കഴുതപ്പുലികൾ, അറേബ്യൻ പുള്ളിപ്പുലികൾ എന്നിവയും വസിക്കുന്നുണ്ട്. മുയലുകൾ, മണൽപ്പൂച്ചകൾ, ചുവന്ന കുറുക്കൻ, കാരക്കാൾ എന്നയിനം പുലി, കലമാനുകളുടെ രണ്ടിനങ്ങൾ, അറേബ്യൻ ചെന്നായ്ക്കൾ, ഓറിക്സുകൾ, ഗസെൽസ്, മുള്ളൻ പന്നികൾ എന്നിവയും മരുഭൂമിയുടെ വിജനതയിലുണ്ട്. മരുപ്രദേശത്തെ ഒരിനം ഒട്ടകത്തിന്റെ പൂഞ്ഞയിൽ 80 പൗണ്ടുവരെയുള്ള കൊഴുപ്പു ശേഖരിക്കപ്പെടുന്നു. പ്രതികൂലമായ കാലാവസ്ഥകളിലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയിലും ഇവയുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നത് ഈ കൊഴുപ്പാണ്.
ഇതുപോലെ തന്നെയുള്ള പ്രത്യേകതകൾ മറ്റ് ജീവികളിലും കാണാം. പാമ്പുകൾ, പല്ലികൾ, ഉടുമ്പുകൾ എന്നിവയും മരുഭൂമിയിൽ ഉണ്ട്. പല്ലിവർഗ്ഗത്തിലെ ഏറ്റവും വലയ ജീവി ഈജിപ്ഷ്യൻ യൂറോമാസ്റ്റിക്സ് എന്നയിനമാണ്. ഇവ പ്രാദേശികമായി ധുബ് എന്നറിയപ്പെടുന്നു.
ഇവക്ക് രണ്ടടി നീളവും പത്തു പൌണ്ടുവരെ ഭാരവു ഉണ്ടാകാറുണ്ട്. വിവിധ ഇൻത്തിൽപ്പെട്ട മൂർഖൻ പാമ്പുകളും അണലികളും മരുഭൂമിയിൽ കാണപ്പെടുന്നു. ഏകദേശം 450 വർഗങ്ങളിലുള്ള പക്ഷികൾ അറേബ്യൻ മരുഭൂമിയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിൽ ഏതാനും വർഗങ്ങൾ മാത്രമേ വർഷം മുഴുവൻ ഇവിടെ കഴിയുന്നുള്ളു.
-ബഷീർ മാറഞ്ചേരി