ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ഖത്തര്‍. യുഎന്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ ഖത്തറിനുണ്ടായത് റെക്കോഡ് വളര്‍ച്ചയാണ്. മിഡില്‍ ഈസ്റ്റ് ടൂറിസം വിപണിയിലെ പ്രബല ശക്തിയായി ഖത്തര്‍ ഉയരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. 2024 ന്റെ ആദ്യ പകുതിയില്‍ വിനോദസഞ്ചാരികളുടെ വരവില്‍ 147 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജിസിസിയിലെ കരുത്തരായ സൗദി അറേബ്യയേയും യുഎഇയേയും പിന്നിലാക്കിയാണ് ഖത്തറിന്റെ കുതിപ്പ്. വിഷന്‍ 2030 ന്റെ ഭാഗമായി ടൂറിസം മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച സൗദി വിനോദസഞ്ചാരത്തില്‍ 73% വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 11.4 ശതമാനം വര്‍ധനവാണ് യുഎഇയുടെ ടൂറിസം മേഖലയില്‍ ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ടൂറിസം രംഗത്ത് ഖത്തര്‍ ആസൂത്രണം ചെയ്ത വിവിധ പദ്ധതികളാണ് റെക്കോഡ് വളര്‍ച്ചയ്ക്ക് സഹായകരമായത്.
ഖത്തറിന്റെ വിനോദസഞ്ചാര മേഖല രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു സുപ്രധാന ഘടകമാണ്. ജിഡിപിയിലും തൊഴിലവസരത്തിലും ഗണ്യമായ സംഭാവന നല്‍കുന്നതാണ് വിനോദസഞ്ചാര മേഖല. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ തന്ത്രത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ടൂറിസത്തിന് മുന്‍ഗണന നല്‍കി വരികയാണ്.
2030-ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ഖത്തര്‍ പദ്ധതിയിടുന്നത്. അതില്‍ പ്രധാനം സാംസ്‌കാരികവും കായികവുമായ ഇവന്റുകള്‍ സംഘടിപ്പിക്കുക എന്നത് തന്നെയാണ്. ആഗോള ടൂറിസം വേദിയില്‍ തങ്ങളുടെ പ്രൊഫൈല്‍ ഉയര്‍ത്താന്‍ ലോകകപ്പ് ഫുട്‌ബോള്‍ പോലുള്ള പരിപാടികള്‍ വിജയകരമായി പ്രയോജനപ്പെടുത്താന്‍ ഖത്തറിന് സാധിച്ചു. പുതിയ വിമാനത്താവളങ്ങളും നൂതന ഗതാഗത സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ഖത്തര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ദോഹ ആസ്ഥാനമായുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് രാജ്യത്തിന്റെ പ്രധാന വിമാനത്താവളം. അത്യാധുനിക സൗകര്യങ്ങളും ഉയര്‍ന്ന തലത്തിലുള്ള സേവനവും കാരണം പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റേറ്റ് ചെയ്യപ്പെടുന്നതും ഹമദാണ്.
വിനോദസഞ്ചാരത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ ഖത്തര്‍ അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്. എംഷെയ്‌റബ് ഡൗണ്‍ടൗണ്‍ ദോഹ പോലുള്ള പദ്ധതികള്‍ നഗരത്തിന് പുതിയതും ആധുനികവുമായ മുഖം സമ്മാനിക്കുന്നു. നൂറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത് വഴി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഖത്തറിനാകുന്നു. ഓസ്ട്രേലിയ, കാനഡ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ, ഹോങ്കോംഗ്, മക്കാവു എന്നീ രാജ്യങ്ങളും ഈ പദ്ധതിയിലെ ഭാഗമാണ്. 2023-ല്‍, ടൂറിസം മേഖല ഖത്തറിന്റെ ജിഡിപിയിലേക്ക് ഏകദേശം 81.2 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്തു. ഇത് മൊത്തം സാമ്പത്തിക ഉല്‍പാദനത്തിന്റെ 10.3% ആണ്.
മുന്‍ വര്‍ഷത്തേക്കാള്‍ 31% അധികമാണിത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടൂറിസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2024 അവസാനിക്കുന്നതിന് മുന്‍പ് 334,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍.