തിരുവനന്തപുരം: യു എ ഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്. സെക്യൂരിറ്റി ഓഫീസർ തസ്തികതയിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് അങ്കമാലി ഇൻകെൽ ബിസിനസ് പാർക്കിലെ ഓഡെപെക് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം.
രാവിലെ 8:30 മുതൽ 10:30 വരെയാണ് റിപ്പോർട്ടിങ് ടൈം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736496574 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോട്ടോ പതിച്ച സിവി, ഒറിജിനൽ പാസ്‌പോർട്ട്, പാസ്പോർട്ടിന്റെ കോപ്പി, വിദ്യാഭ്യാസ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും ഒരു കോപ്പിയും അഭിമുഖത്തിന് എത്തുന്നവർ കയ്യില്‍ കരുതണം.
മറ്റ് യോഗ്യതകള്‍
പ്രായം: 25-40 വയസ്സിനിടയിൽ
ഉയരം: (പുരുഷന്മാർക്ക് കുറഞ്ഞത് 175 സെൻ്റിമീറ്ററും സ്ത്രീകൾക്ക് കുറഞ്ഞത് 165 സെൻ്റിമീറ്ററും)
മെഡിക്കൽ ഫിറ്റ്: നിലവില്‍ ഏതെങ്കിലും തരത്തിലുള്ള വലിയ രോഗാസ്ഥയുള്ളവരായിരിക്കരുത്, മികച്ച കേള്‍വി ശക്തിയും കാഴ്ചയും വേണം.
ഭാഷ: ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റേതെങ്കിലും ഭാഷയിലുള്ള അറിവ് അധിക യോഗ്യതായായിരിക്കും. പൊതുസുരക്ഷ നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ടാവണം.
പ്രവർത്തിപരിചയം: ഏതെങ്കിലും സുരക്ഷാ മേഖലയിൽ (സൈന്യം, പോലീസ്, സെക്യൂരിറ്റി മുതലായവ) കുറഞ്ഞത് 2 വർഷത്തെ പരിചയം അഭികാമ്യം.
ശമ്പളം: 1200 യുഎഇ ദിർഹം അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ 2262 ദിർഹം ശമ്പളമായി ലഭിക്കും
അതേസമയം സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. യോഗ്യതയും മറ്റ് വിവരങ്ങളും താഴെ വിശദമായി നല്‍കുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഭിമുഖം. വിശദവിവരങ്ങൾ: 0471 2528855, 2528055.
കരാർ നിയമനം
ജയിൽ വകുപ്പിൽ നാല് കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പെഷൽ സബ് ജയിൽ തിരുവനന്തപുരം, കൊട്ടാരക്കര, മാവേലിക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നിയമനം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, ജയിലാസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ, keralaprisons@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ: www.keralaprisons.gov.in.
അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ / ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വിഭാഗത്തൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന.
റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാനേജർ ഇൻ ചാർജ്, ഡോ. അംബേദ്കർ വിദ്യാ നികേതൻ സി ബി എസ് ഇ സ്കൂൾ, ഞാറനീലി, ഇലഞ്ചിയം പി. ഒ., പാലോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ 6 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഫോൺ: 9495243488.