ഐ സി ആർ ടി ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കേരള ടൂറിസം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന് അർഹമായത്. എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ഈ വർഷത്തെ ഗോൾഡ് അവാർഡ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ലഭിച്ചു.
ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാൻ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ബേപ്പൂരിൻ്റെ ചരിത്രവും സംസ്കാരവും പ്രകൃതി മനോഹാരിതയും ജനജീവിതവുമായി കോർത്തിണക്കി കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിച്ചു. ടൂറിസം റിസോഴ്സ് മാപ്പിംഗ്, റിസോഴ്സ് ഡയറക്ടറി എന്നിവ തയ്യാറാക്കി. കമ്മ്യൂണിറ്റി ടൂർ പാക്കേജുകൾ, സ്ത്രീ സുഹൃദ വിനോദ സഞ്ചാരം, സ്ട്രീറ്റ് പദ്ധതി എന്നിവ ആരംഭിച്ചു.