വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും.
ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 ന് സ്കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നിട്ടുണ്ട്. 183 വീടുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. 340 ഹെക്ടർ കൃഷിയിടം നഷ്ടമായി. 145 വീടുകൾ ദുരന്തത്തിൽ പൂർണമായി തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി. 170 വീടുകൾ ഭാഗികമായി തകർന്നു.