മാനന്തവാടി: വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്. കാറിൽ അരക്കിലോമീറ്റർ ദൂരത്തോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനാണ് ക്രൂരകൃത്യത്തിന് ഇരയായത്. മാതനെ റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
വിനോദസഞ്ചാരികളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. പ്രദേശത്ത് വച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട കുറ്റത്തിനാണ് മാതനെ കാറിൽ സഞ്ചരിച്ചിരുന്നവർ ക്രൂരമായി ഉപദ്രവിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാറിന്റെ ഡോറിനോട് കൈ ചേർത്തുപിടിച്ച് അരക്കിലോമീറ്ററോളം ദൂരം യുവാവിനെ വലിച്ചിഴക്കുകയായിരുന്നു.
അരയ്‌ക്കും കൈകാലുകൾക്കും പരിക്കേറ്റ ആദിവാസി യുവാവ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. രണ്ട് പുറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ ചുവന്ന കാറിൽ യുവാവിനെ കെട്ടിവലിക്കുന്നത് കാണാമായിരുന്നു.
KL 52 H 8733 എന്ന രജിസ്‌ട്രേഷൻ നമ്പറിലെ മാരുതി സെലേരിയോ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് റിയാസ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാളാണോ എന്ന കാര്യം വ്യക്തമല്ല. കൃത്യത്തിന് പിന്നാലെ ഇവർ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മാനന്തവാടി പയ്യംമ്പള്ളി കൂടൽകടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ബഹളം കേട്ട് പ്രശ്‌നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും വാക്കേറ്റമുണ്ടാവുകയിരുന്നു. ഇതിൽ ഒരു യുവാവ് കല്ലെടുത്ത് ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ മാതൻ തടയുകയായിരുന്നു. ഇതാണ് പ്രതികളെ പ്രാകോപിപ്പിച്ചത്.