--- പരസ്യം ---

വയനാട് മുണ്ടക്കൈ, ചുരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 175 ആയി

By neena

Published on:

Follow Us
--- പരസ്യം ---

വയനാട് മുണ്ടക്കൈ, ചുരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 175 ആയി. രാവിലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് വീടുകളില്‍ നിന്നായി എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കല്‍ ദുഷ്‌കരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

മുണ്ടക്കൈയില്‍ മാത്രം 400 അധികം വീടുകള്‍ പഞ്ചായത്തിന്റെ രജിസ്റ്ററില്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതില്‍ 35-40 വീടുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് സംസ്‌കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ്, കാപ്പം കൊല്ലി ജുമാ മസ്ജിദ്, നെല്ലിമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കും.

ഇന്നലെ രാത്രി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴോടെയാണ് സൈന്യം പുനരാരംഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധ പ്രവര്‍ത്തകരും കൂടെയുണ്ട്. അത്സമയം ദുരിതബാധിതര്‍ക്കായി എട്ട് ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാം ദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി.

താല്‍ക്കാലിക പാലത്തിലൂടെയും അല്ലാതെയും 800ല്‍ അധികം പേരെ മുണ്ടക്കൈയില്‍ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ് മാര്‍ഗവും എയര്‍ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവന്‍ പേരെയും മറുകരയിലെത്തിച്ചത്. 3069 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്.

അതേസമയം അട്ടമലയിലും ചുരല്‍മലയിലും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തള്ളുന്നില്ല. ദുരന്ത ഭൂമിയില്‍ കാണാതായവരുടെ എണ്ണം സംഭവിച്ച് കൃത്യമായ കണക്കില്ല. മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റര്‍ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റര്‍ ദുരന്തഭൂമിയിലേക്ക് ലാന്‍ഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘം ഇന്നലെ തന്നെ ദുരന്തഭൂമിയിലെത്തിയിരുന്നു.

--- പരസ്യം ---

Leave a Comment