കോഴിക്കോട്: പൊതുവിപണിയില്‍ കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണ വില. നിലവിൽ കിലോഗ്രാമിനു 290-300 വരെയാണ് വില. പച്ചതേങ്ങാ വിലയും ഉയര്‍ന്നതോടെയാണ് വെളിച്ചെണ്ണ വില പിടിവിടാന്‍ തുടങ്ങിയത്. ഒരു കിലോ തേങ്ങയ്ക്ക് 57 രൂപയാണ് വില. കൊപ്രയ്ക്കും വില ഉയര്‍ന്ന് തന്നെയാണ്. കൊപ്ര ക്വിന്റലിന് 17,350 രൂപയും രാജപ്പൂര്‍ 19,100ഉം ഉണ്ട 17,000ഉംആയി. ഇതിന്റെ പ്രതിഫലനമാണ് വെളിച്ചെണ്ണ വിപണിയിലും കാണാനാവുന്നത്. ഇതോടെ സാധാരണക്കാരും വെളിച്ചെണ്ണ ഉല്പാദകരും പ്രതിസന്ധിയിലായി. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ തവിട് എണ്ണയിലേക്കും ഓയിലിലേക്കും വീട്ടമ്മമാര്‍ കളം മാറ്റിചവിട്ടിയെങ്കിലും അവിടേയും വില വര്‍ധന തന്നെയാണ്. ആവശ്യത്തിന് കൊപ്രയില്ലാത്തതാണ് വെളിച്ചെണ്ണ ഉല്പാദകരായ ചെറുകിട മില്ലുകാരെ പ്രതിസന്ധിയിലാക്കുന്നത്.
2022 സെപ്റ്റംബറില്‍ കിലോക്ക് 85 രൂപയുണ്ടായിരുന്ന കൊപ്ര 2025 ജനുവരിയിലെത്തിയപ്പോള് 155 രൂപയായി. ഒരു കിലോ വെളിച്ചെണ്ണ ലഭിക്കണമെങ്കില്‍ 1.5 കിലോഗ്രാം കൊപ്ര വേണം. കൂടുതല്‍ വിലകൊടുത്ത് പുറമെ നിന്നും കൊപ്ര വാങ്ങിയാണ് വെളിച്ചെണ്ണ നിർമിക്കുന്നത്. വന്‍വില നല്കി കൊപ്ര വാങ്ങി വെളിച്ചെണ്ണ ഉല്പാദിപ്പിച്ചാലും നഷ്ടം മാത്രമാകും മിച്ചമെന്നു മില്ലുടമകള്‍ പറയുന്നു.
ഇതോടെ പല മില്ലുകളിലും വെളിച്ചെണ്ണ നിർമാണം പകുതിയായി കുറഞ്ഞു. നാല് ജോലിക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ പേര്‍മാത്രമാണ് ജോലി ചെയ്യുന്നത്. കൊപ്രയുടെ വിലയും ജോലിക്കാരുടെ കൂലിയും മറ്റും ചെലവുകളും പരിഗണിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുക ലാഭകരമല്ലെന്ന് മില്ലുടമകള്‍ പറയുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ കടുത്തതും മഴ കുറഞ്ഞതും തേങ്ങ ഉല്പാദനത്തെ സാരമായി ബാധിച്ചു. ഇതിനുപുറമെ ഉത്തരേന്ത്യയില്‍ ദീപാവലി, നവരാത്രി ആഘോഷങ്ങള്‍ക്കു ഉണ്ടക്കൊപ്ര കൂടിയ വിലയ്ക്ക് അവിടേക്കു കയറ്റിയയച്ചതും കൊപ്ര ക്ഷാമം രൂക്ഷമാക്കി. അതേസമയം കുറഞ്ഞ വിലയില്‍ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വിൽപനക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകള്‍ പറയുന്നു. ഇതര സംസ്ഥാനത്തു നിന്നാണ് വ്യാജ വെളിച്ചണ്ണകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. വില കുറവെന്ന് കാണുന്നതോടെ ഉപഭോക്താക്കള്‍ കൂടുതലായി ഈ വെളിച്ചെണ്ണയെ ആശ്രയിക്കും. എന്നാല്‍ എണ്ണ വില വര്‍ധിപ്പിക്കാതെ അളവ് കുറച്ചാണ് ഇവ പാക്ക് ചെയ്യുന്നതെന്നും ഇവർ പറയുന്നു