കലവൂർ (ആലപ്പുഴ): പൊലീസ് ഇൻസ്പെക്‌ടറുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാരാരിക്കുളം സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 70,000 രൂപ തട്ടി. ഫർണിച്ചർ വിൽക്കാനുണ്ടെന്ന് കാട്ടി അയച്ച മെസ്സേജിലൂടെയായിരുന്നു തട്ടിപ്പ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡ് സ്വദേശിനി എസ്. സീമയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.
വീട്ടമ്മക്ക് പരിചയമുള്ള ചേർത്തല സ്വദേശിയായ പൊലീസ് ഇൻസ്പെക്‌ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ 14ന് മെസ്സേജ് വന്നത്. സി.ആർ.പി.എഫിൽ ജോലിയുള്ള സുഹൃത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്‌ഥലംമാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്‍റെ 1,25,000 രൂപ വിലയുള്ള ഫർണിച്ചറുകൾ അടിയന്തരമായി വിൽക്കാനുണ്ടെന്നുമായിരുന്നു മെസ്സേജിൽ പറഞ്ഞത്. അടുത്ത പരിചയക്കാർക്ക് 70,000 രൂപക്ക് വിൽക്കുമെന്നും പറഞ്ഞു.
സീമക്ക് പൊലീസ് ഉദ്യോഗസ്‌ഥനെ നേരിട്ട് പരിചയമുള്ളതിനാൽ സന്ദേശം സത്യമാണെന്ന് ധരിച്ച് 70,000 രൂപ മെസ്സേജിൽ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ, പിന്നീട് ഫർണിച്ചർ വീട്ടിലെത്തിക്കാൻ 31,500 രൂപ വാഹന വാടകയിനത്തിൽ അയച്ചു കൊടുക്കണമെന്ന് വീണ്ടും മെസ്സേജ് വന്നു. ഇതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് തെളിഞ്ഞത്.
ഇതരസംസ്‌ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നതെന്നും സൈബർ സെൽ വഴി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.