സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഓണം പ്രമാണിച്ച് ഒരുക്കുന്നത്.
സെപ്റ്റംബർ അഞ്ചുമുതലാകും ഓണച്ചന്തകൾ പ്രവർത്തിച്ചു തുടങ്ങുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഓണചന്തകളായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്രാട ദിനംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.
ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്ക്കുണ്ടാകും. സബ്സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും. ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും.