സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഭരണസമിതി അംഗം എം വിജിൻ എം.എൽ.എ, ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
അക്ഷരശ്ലോകം- കെ ഗോവിന്ദൻ, കണ്ടങ്കാളി. കഥകളി- കലാനിലയം ഗോപി, ലോഹശിൽപം- സന്തോഷ് കറുകംപള്ളിൽ, ദാരുശിൽപം- കെ കെ രാമചന്ദ്രൻ ചേർപ്പ്, ചുമർചിത്രം- ഡോ. സാജു തുരുത്തിൽ കാലടി, ഓട്ടൻ തുള്ളൽ- കലാമണ്ഡലം പരമേശ്വരൻ, ക്ഷേത്ര വൈജ്ഞാനികം- ഡോ സേതുമാധവൻ കോയിത്തട്ട, കൃഷ്ണനാട്ടം- കെ എം മനീഷ്, ഗുരുവായൂർ, ചാക്യാർകൂത്ത്- കലാമണ്ഡലം കനകകുമാർ, ബ്രാഹ്മണിപ്പാട്ട്- രാധ വാസുദേവൻ, കുട്ടനെല്ലൂർ, ക്ഷേത്രവാദ്യം- കാക്കയൂർ അപ്പുക്കുട്ട മാരാർ, കളമെഴുത്ത്: പി രാമക്കുറുപ്പ് വൈക്കം, തീയാടിക്കൂത്ത്- മാധവ ശർമ പാവകുളങ്ങര, തിരുവലങ്കാര മാലക്കെട്ട്- കെ എം നാരായണൻ കൽപറ്റ, സോപാന സംഗീതം- എസ് ആർ ശ്രീജിത്ത് മട്ടന്നൂർ, മോഹിനിയാട്ടം- നാട്യകലാനിധി എ പി. കലാവതി പയ്യാമ്പലം, കൂടിയാട്ടം- പൊതിയിൽ നാരായണ ചാക്യാർ, കോട്ടയം, യക്ഷഗാനം- രാഘവ ബല്ലാൾ കാറഡുക്ക, ശാസ്ത്രീയസംഗീതം- പ്രശാന്ത് പറശ്ശിനി, നങ്ങ്യാർകൂത്ത്- കലാമണ്ഡലം പ്രശാന്തി, പാഠകം: പി കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ ലക്കിടി, പാലക്കാട്, തിടമ്പുനൃത്തം- കെ പി വാസുദേവൻ നമ്പൂതിരി, കരിവെള്ളൂർ, തോൽപാവക്കൂത്ത്- രാമചന്ദ്രപുലവർ, ഷൊർണൂർ, ചെങ്കൽ ശിൽപം- ഇളയിടത്ത് രാജൻ, പിലാത്തറ, ശിലാശിൽപം- കെ ശ്രീധരൻ നായർ, പുതുക്കെ, നീലേശ്വരം എന്നിവരാണ് മറ്റ് ക്ഷേത്രകല അവാർഡ് ജേതാക്കൾ.