സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഓണച്ചന്ത തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ മുതൽ തന്നെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. മട്ടയരി 30-ൽനിന്ന് 33 രൂപയുമായി. അതേ സമയം ചില ഇനങ്ങളുടെ വില കുറച്ചിട്ടുമുണ്ട്. ചെറുപയർ 93-ൽനിന്ന് 90 ആയും ഉഴുന്ന് 95-ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽനിന്ന് 78 ആയും കുറച്ചു. പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോ വിശദീകരണം. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരംനൽകി.
പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക് ഏജൻസികൾ നൽകുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജൻസികൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോർട്ടുനൽകി.
വിലവ്യത്യാസത്തിന് അനുമതിനൽകേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു. ഓണച്ചന്തകൾക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓണംഫെയറിലെ സബ്സിഡിരഹിത ഉത്പന്നങ്ങൾക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.