അരിക്കുളം: കാറ്റിലും മഴയിലും കൂര നിലംപൊത്തും. കുതിച്ചെത്തുന്ന വയൽ വെള്ളത്തിൽ പാമ്പുകൾ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയിൽ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാൻ പോലും ഇടമില്ലാതെ ചെളി നിറയും. ഒടുവിൽ ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ സ്വപ്നം സഫലമായി. ഈ വീട് ഇനിയിവർക്ക് സ്വർഗമാണ്. മഴ വരുമ്പോൾ കുടുംബത്തിന് ആധിയില്ല. കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സരോജിനിക്കും രോഗിയായ ഭർത്താവ് സാജനും സുരക്ഷിതമായി കിടന്നുറങ്ങാം. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ തകർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന ഇവർക്ക് സ്നേഹവീടായ ഒ സി ഭവനം നിർമിച്ച് നൽകിയത് കാരയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശത്തെ യു ഡി എഫ് പ്രവർത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്നേഹികളുടെ സഹായത്തോടെയും വീടൊരുക്കിയത്.
അരിക്കുളത്തെ കോൺഗ്രസ് സേവാദൾ പ്രവർത്തകയായിരുന്ന സരോജിനി വർഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോഗി ആയതിനാൽ ഭർത്താവ് സാജന് ജോലിക്കൊന്നും പോകാൻ കഴിയില്ല. സരോജിനി മാത്രമാണ് ഏക ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. രോഗിയായ ഭർത്താവിന് മരുന്നു വാങ്ങാനും ഈ ഗൃഹനാഥ ഏറെ ബുദ്ധിമുട്ടുകയാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പിൽ എം പി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ മഴക്കാലത്ത് ഹനുമാൻ കുനി എസ് സി കോളനിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ എം പി സ്ഥലം സന്ദർശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ വെള്ളം കയറി തകർന്നടിഞ്ഞ കൂര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യു ഡി എഫ് പ്രവർത്തകരോട് കുടംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒ സി ചാരിറ്റബിൾ സെന്റർ ഈ ദൗത്യം ഏറ്റെടുക്കകയും ചെയ്തു. സരോജിനിയുടെ അച്ഛൻ അരിയൻ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു.
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്റർ പ്രവർത്തകരായ ശിവൻ ഇലവന്തിക്കര, ഹാഷിം കാവിൽ, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി കെ റാഷിദ്, അമ്മദ് നാറാത്ത്, യു എം ഷിബു, ആനന്ത് കിഷോർ കീഴൽ, ബീരാൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഷാഫി പറമ്പിൽ എം പി വീടിന്റെ താക്കോൽ കൈമാറും.
സരോജിനിക്കും കുടുംബത്തിനും വിഷുക്കൈനീട്ടമായി സ്നേഹവീടുമായി ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ
By admin
Published on:
