വടക്കാഞ്ചേരി: ”തിരിച്ചുവരവിനെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, എല്ലാവരുടെയും സഹായത്താൽ മടങ്ങിവരാനായി, ഒരുപാടു നന്ദി”-ജെയിൻ കുത്തുപാറയിലെ വീട്ടിലെത്തിയവരോട് പറഞ്ഞു. റഷ്യൻ കൂലിപ്പട്ടാളത്തിൽനിന്ന് മോചിതനായ മകന്റെ വരവുകാത്ത് തെക്കേമുറി വീട്ടിൽ അമ്മ ജെസിയും പിതാവ് കുരിയനും ബന്ധുക്കളും നാട്ടുകാരും വ്യാഴാഴ്ച രാവിലെ മുതൽ കണ്ണുംനട്ടിരിക്കുകയായിക്കുന്നു.
കൂലിപ്പട്ടാളത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു തുടക്കം. ”കഴിഞ്ഞ ഏപ്രിലിലാണ് അറിയാതെ കൂലിപ്പട്ടാളത്തിൽ അകപ്പെട്ടത്. എട്ടുമാസം യുദ്ധമുഖത്തും നാലുമാസം ആശുപത്രിയിലും. ഭക്ഷണമെത്തിച്ചുകൊടുക്കലായിരുന്നു ആദ്യം ഏൽപ്പിച്ച ജോലി. പിന്നീട് യുദ്ധമുഖത്ത്. ഡ്രോൺ ആക്രമണത്തിലെ സാരമായ പരിക്ക് അകത്തായിരുന്നു. സർജറി അനിവാര്യമായി. പാസ്പോർട്ടെല്ലാം അവർ പിടിച്ചുവാങ്ങി. അവരുടെ തിരിച്ചറിയൽകാർഡ് തന്നു. യുദ്ധമുഖത്ത് മരിച്ച ഉറ്റ ബന്ധു ബിനിലിന്റെ മൃതദേഹം കാണാനായെങ്കിലും കൂടുതലൊന്നും ചെയ്യാനായില്ല. എംബസിക്കും ഇതേക്കുറിച്ച് വ്യക്തതയില്ലായിരുന്നു. സൈനിക ആശുപത്രിയിൽ ചികിത്സ കിട്ടി. മറ്റു പീഡനങ്ങളൊന്നും ഇല്ലായിരുന്നു. ആശുപത്രിയിൽനിന്ന് യുദ്ധമുഖത്തേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ടപ്പോഴാണ് സഹായം അഭ്യർഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്”.- ജെയിൻ വിശദീകരിച്ചു.
”എംബസിക്കാർ നിരന്തരം ബന്ധപ്പെട്ടിരുന്നു. മലയാളി അസോസിയേഷനും ഒപ്പംനിന്നു. അവരാണ് ഡൽഹിയിലെത്താനുള്ള യാത്രാസൗകര്യമൊരുക്കിയത്. പാസ്പോർട്ട് ഉൾപ്പെടെ മടങ്ങാനുള്ള രേഖകൾ എംബസി ഉദ്യോഗസ്ഥർ ശരിയാക്കി. ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് ജിപേ വഴി ഡൽഹിയിലുള്ള സുഹൃത്തിന് വീട്ടിൽനിന്ന് പണം അയച്ചുതന്നു. തിരിച്ചുവരവിനു വഴിയൊരുക്കിയവർ ഒരുപാടുണ്ട്”- ജെയിൻ പറഞ്ഞു. അവരോടെല്ലാം നെഞ്ചത്തുകൈവെച്ച് നന്ദിപറയുമ്പോഴും ആ ഇരുപത്തിയേഴുകാരന്റെ മുഖത്ത് ഭീതി വിട്ടുമാറിയിട്ടില്ലായിരുന്നു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുതൽ പഞ്ചായത്തംഗം സിന്ധു വരെയുള്ള ജനപ്രതിനിധികളും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെ നേതാക്കളും ജെയിനിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു.