ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് ഉത്തരവിറക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 21 ന് വൈകീട്ട് 6 മണിവരെ അപേക്ഷിക്കാനാവും. ഇത് രണ്ടാം തവണയാണ് അപേക്ഷ തീയതി നീട്ടുന്നത്. തെറ്റ് തിരുത്തുന്നതിനായി ഫെബ്രുവരി 22 മുതല്‍ 28 വരെ അവസരമുണ്ട്.
വെബ്സൈറ്റ്: https://upsconline.gov.in സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. മേയ് 25നാണ് പ്രിലിംസ് പരീക്ഷ നടക്കുക.
23 തസ്തികകള്‍
ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തസ്തികള്‍ക്കു പുറമെ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വിസ്, ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വിസ്, ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വിസ്, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വിസ്, ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ്സ് സര്‍വിസ്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്, ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വിസ്, ഇന്ത്യന്‍ പോസ്റ്റ് & ടെലികമ്മ്യൂണിക്കേഷന്‍ എക്കൗണ്ട്സ് & ഫിനാന്‍സ് സര്‍വിസ്, ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വിസ് (ട്രാഫിക്), ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വിസ് (പഴ്സനല്‍ ), ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വിസ് (അക്കൗണ്ട്സ് ), ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വിസ്, ഇന്ത്യന്‍ റവന്യൂ സര്‍വിസ് (കസ്റ്റംസ് & ഇന്ഡയരക്റ്റ് ടാക്സസ്), ഇന്ത്യന്‍ റവന്യൂ സര്‍വിസ് (ഇന്‍കം ടാക്സ്), ഇന്ത്യന്‍ ട്രേഡ് സര്‍വിസ് എന്നീ ഗ്രൂപ്പ് എ തസ്തികകള്‍, അഞ്ച് ഗ്രൂപ്പ് ബി തസ്തികകള്‍ എന്നിവയിലേക്കാണ് പരീക്ഷ നടത്തുന്നത്.
അടിസ്ഥാന യോഗ്യത
ഒരു അംഗീകൃത സര്‍വകലാശാലയിലെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത (വിദൂര വിദ്യാഭ്യാസവും സ്വീകാര്യമാണ്). അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് നിബന്ധനയില്ല. 2025 ഓഗസ്റ്റ് ഒന്നിന് 21 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി വയസ് 32. പട്ടിക ,പിന്നോക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 37, 35 വയസ് വരെയാകാം. ഭിന്നശേഷിക്കാര്‍ക്ക് 42 വയസും.
ആറ് തവണയെഴുതാം
ജനറല്‍ വിഭാഗക്കാര്‍ക്ക് പരമാവധി ആറു തവണ പരീക്ഷ എഴുതാം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 9 തവണയും പട്ടിക വിഭാഗക്കാര്‍ക്ക് 37 വയസിനുള്ളില്‍ എത്ര തവണയും പരീക്ഷ എഴുതാം. പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറെങ്കിലും എഴുതിയാല്‍ ഒരു അവസരമായി കണക്കാക്കും.
രണ്ട് ഘട്ടങ്ങള്‍
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് പരീക്ഷയ്ക്കുള്ളത്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ I,ജനറല്‍ സ്റ്റഡീസ് പേപ്പര്‍ II എന്നീ രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത. മൊത്തം ഒഴിവുകളുടെ 12/13 മടങ്ങ് ആളുകള്‍ക്ക് അവസരം ലഭിക്കും. മെയിന്‍ പരീക്ഷയ്ക്ക് റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ / പഴ്സണാലിറ്റി ടെസ്റ്റ് എന്നീ രണ്ട് ഭാഗങ്ങളുണ്ട്. റിട്ടണ്‍ ടെസ്റ്റിന് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. റിട്ടണ്‍ ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഇന്റര്‍വ്യൂ / പഴ്സണാലിറ്റി ടെസ്റ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. ആകെ ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പേര്‍ക്ക് അവസരം ലഭിക്കും. പ്രിലിമിനറിയിലെ മാര്‍ക്ക് അന്തിമ റാങ്കിങിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷയുടെ 1750 മാര്‍ക്കും ഇന്റര്‍വ്യൂ / പഴ്സണാലിറ്റി ടെസ്റ്റിലെ 275 മാര്‍ക്കും ചേര്‍ത്തുള്ള 2025 മാര്‍ക്കാണ് അന്തിമ റാങ്കിങ്ങിനായി പരിഗണിക്കുന്നത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ്
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസിന് താല്പര്യമുള്ളവരും സിവില്‍ സര്‍വിസ് പരീക്ഷയുടെ പ്രിലിമിനറി എഴുതേണ്ടതുണ്ട്.
പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് മെയിന്‍ പരീക്ഷയെഴുതാം. ആറ് പേപ്പറുകളടങ്ങിയതാണ് മെയിന്‍ പരീക്ഷ. കേരളത്തില്‍ പരീക്ഷാ കേന്ദ്രമില്ല. മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്റര്‍വ്യു / പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാകും. ഫോറസ്റ്റ് സര്‍വിസിന് വെറ്ററിനറി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്,ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ് ബിരുദമോ തുല്യ യോഗ്യതയോ വേണ്ടതുണ്ട്. ഇത്തവണ 150 ഒഴിവുകളാണുള്ളത്.
അപേക്ഷ
upsconline.gov.in വഴി ഫെബ്രുവരി 11 വൈകിട്ട് ആറിനകം അപേക്ഷിക്കണം. സിവില്‍ സര്‍വിസ് പരീക്ഷയ്ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് പരീക്ഷയ്ക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷയില്‍ താല്പര്യം സൂചിപ്പിക്കണമെന്നു മാത്രം.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസില്ല. ഓണ്‍ലൈനായോ സ്റ്റേറ്റ് ബാങ്ക് വഴിയോ ഫീസടക്കാം. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷ എഴുതാം. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം. പരീക്ഷയുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ upsc.gov.in ല്‍ ലഭ്യമാണ്.
upsc extended civil service prelims exam date to february 21