പുതുപ്പാടി: സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ പാടുപെടുകയാണ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.
കോഴിക്കോട് – വയനാട് നാഷണൽ ഹൈവേയിലെ വമ്പിച്ച വാഹന തിരക്കും സീബ്രാലൈൻ ഇല്ലാത്തതും കാരണം വളരെ സാഹസികമായാണ് വിദ്യാർത്ഥികൾ മറുകരയിലെത്തുന്നത്.
വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധി മുട്ടി റോഡ് ക്രോസ് ചെയ്യുന്ന കാഴ്ച്ച കണ്ടു നിൽക്കുന്നവരിൽ പോലും ആശങ്കയുണ്ടാക്കുന്നു.
കുറുകെ കടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾ അമിത വേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് തിരികെ ഓടേണ്ട ഗതികേടാണുള്ളത്.
ഇത്തരത്തിൽ വിദ്യാർത്ഥികൾ മുന്നോട്ടും പിന്നോട്ടും ഓടി ഭീതിയിലാണ് റോഡ് ക്രോസ് ചെയ്യുന്നത്.
നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഉന്നത പഠന നിലവാരമുള്ള പുതുപ്പാടി ജി.എച്ച്. എസ് ഹൈസ്കൂളിൽ നിലവിൽ രാവിലെയും വൈകുന്നേരവും ഒരു ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥൻ റോഡ് നിയന്ത്രിച്ച് കുറുകെ കടക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെങ്കിലും സീബ്രാലൈൻ വരയ്ക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.
കഴിഞ്ഞ വർഷമെല്ലാം ഹൈസ്കൂൾ അദ്ധ്യാപകർ തന്നെയായിരുന്നു ട്രാഫിക് നിയന്ത്രിച്ചിരുന്നത്.
സീബ്രാലൈൻ ഇല്ലാത്തതും സ്കൂൾ അടുത്തുണ്ടെന്ന മുന്നറിയിപ്പ് ബോർഡും ഇല്ലാത്തത് കാരണം അമിത വേഗതയിലാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്.
തലനാഴികക്കാണ് പല വിദ്യാർത്ഥികളും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും വേണ്ടി സിഗ്നലുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതും ഇവിടെതന്നെയാണ്.
ഇവിടേക്ക്
വരുന്നഉദ്യോഗസ്ഥരും, നിരവധി സാധാരണക്കാരും വൃദ്ധകളുമടക്കം ഈ റോഡ് മുറിച്ചു നടക്കുന്നത് വളരെ സാഹസപ്പെട്ടാണ്.
പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ ഒടുങ്ങാക്കാട് മഖാമും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്ക് ധാരാളംപേരാണ് നിത്യവും ദൂരെ ദിക്കുകളിൽ നിന്ന് പോലുംഎത്തുന്നത്.മഴക്കാലമായതോടെ ദേശീയപാതയിൽ റോഡപകടങ്ങളും വർധിച്ചു വരുന്നു.